കാസർകോട്: ജോലി വാഗ്ദാനം നൽകി യുവതിയെ ലോഡ്ജ് മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയും സ്വർണമാല കൈക്കലാക്കി മുങ്ങുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ മാതമംഗലം ആലക്കാട് പാണപ്പുഴയിലെ ബാബുരാജി (36)നെയാണ് കാസർകോട് ഇൻസ്പെക്ടർ പി. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. 2019 നവംബർ മൂന്നിന് പെരിയ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന 40 കാരിയെ കാസർകോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വെള്ളിയാഴ്ച രാവിലെ 9.15 ഓടെ കാസർകോട്ട് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലിവാഗ്ദാനം ചെയ്ത് ഇയാൾ മറ്റു ചില യുവതികളെയും പീഡിപ്പിച്ചതായും പണവും ആഭരണങ്ങളും കൈക്കലാക്കിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.