വൈക്കം: വിദേശത്ത് ജോലി വാഗ്ദാനം നൽകി 23.5ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.
വൈക്കം ചെമ്മനത്തുകര മോഹന വിലാസത്തിൽ വിദ്യയെ കബളിപ്പിച്ചു പണം തട്ടിയെടുത്ത കേസിൽ ബംഗലുരു സ്വദേശി രവിതേജസി (51)നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കാനഡയിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തു രവിതേജസ് ആദ്യം 10ലക്ഷം രൂപ വിദ്യയിൽ നിന്നു വാങ്ങി. പറഞ്ഞ സമയത്ത് ജോലി ലഭിച്ചില്ല. കാനഡയിലെ ജോലി ലഭിക്കാൻ രണ്ടുവർഷം താമസം ഉണ്ടെന്നും 13.5ലക്ഷം കൂടി തന്നാൽ അമേരിക്കയിൽ ജോലി ഉറപ്പാക്കാമെന്നു പറഞ്ഞ് ഇയാൾ വീണ്ടും പണം വാങ്ങി. 23.5ലക്ഷം രൂപ ലഭിച്ചിട്ടും ജോലിക്കാര്യത്തിൽ ഇയാൾ അവധി പറഞ്ഞതോടെ വിദ്യ വൈക്കം ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു.
ഡിവൈ.എസ്.പി സി.ജി സനൽകുമാറിന്റെ അന്വേഷണത്തിൽ രവിതേജസ് ബാംഗ്ലൂരിലുണ്ടെന്ന് മനസിലാക്കി. വൈക്കം എസ്എച്ച്ഒ എസ്.പ്രദീപ്, എസ്.ഐ ടി.പി.സദാശിവൻ, സിപിഒ സെയ്ഫ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരിലെത്തിയ പൊലീസ് രവി തേജസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു ഫോൺ നമ്പർ കണ്ടെത്തി ലോക്കേഷൻ തിരിച്ചറിഞ്ഞ് ഇയാളുടെ വീടിനു സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.