കൊച്ചി: പത്തനംതിട്ടയിലെ കോളേജ് വിദ്യാർത്ഥിയായിരുന്ന ജെസ്ന മരിയയെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കക്ഷിചേരാൻ എരുമേലി മുക്കൂട്ടുതറ സ്വദേശി ദിലീപ് മാത്യു നൽകിയ ഹർജി ഇൗ ഘട്ടത്തിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ കേസിൽ ഇടപെടാൻ അനുവദിച്ചുകൊണ്ട് ദിലീപ് മാത്യുവിന്റെ വാദം കേൾക്കാമെന്ന് സിംഗിൾബെഞ്ച് സമ്മതിച്ചു. വാദങ്ങൾ രേഖാമൂലം നൽകാനും നിർദ്ദേശിച്ചു.
2018 മാർച്ച് 22 നാണ് ജെസ്ന മരിയയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് എരുമേലി മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇതുവരെ ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ജെസ്നയുടെ സഹോദരൻ ജെയ്ജോണും നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിൽ വീഴ്ചയുണ്ടെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം വേണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. 2018 നവംബറിലാണ് സി.ബി.ഐ അന്വേഷണഹർജി അവസാനമായി ഹൈക്കോടതി പരിഗണിച്ചത്. പിന്നീടു കേസ് നടത്തിപ്പിന് കക്ഷികൾക്ക് താത്പര്യം ഇല്ലാതായെന്നും ദിലീപിന്റെ കക്ഷിചേരാനുള്ള അപേക്ഷയിൽ ആരോപിക്കുന്നു.