കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ കേസിൽ ഒന്നാം പ്രതി പറവൂർ വടക്കേക്കര ചിറ്റാറ്റുകര പ്ളാക്കൽ സിബിന് (33) എറണാകുളം അഡി. ജില്ലാ സെഷൻസ് കോടതി 12വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിൽ രണ്ടുമുതൽ നാലുവരെ പ്രതികളായ ചിറ്റാറ്റുകര സ്വദേശികളുമായ ഷെറിൻ (33), രാജേഷ് (33), സജിത്ത് (32) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. കേസിലെ മറ്റൊരു പ്രതി റോജോ വർഷങ്ങളായി ഒളിവിലാണ്.
പീഡനത്തിനിരയായ യുവതിയും സിബിനും പത്താംക്ളാസിൽ പഠിക്കുന്ന കാലംമുതൽ പ്രണയത്തിലായിരുന്നു. പ്ളസ് ടുവിന് പഠിക്കുന്ന കാലത്ത് വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇരുവരും ബന്ധം അവസാനിപ്പിച്ചു. പിന്നീട് വർഷങ്ങൾക്കുശേഷം 2011ൽ കൊട്ടേക്കാവ് പള്ളിയിൽ വച്ച് കണ്ട ഇരുവരും വീണ്ടും പ്രണയത്തിലായി. ഇതിനിടെ സിബിൻ മറ്റൊരു വിവാഹംകഴിച്ചിരുന്നു. ഇക്കാര്യം മറച്ചുവച്ച് ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. മറ്റു പ്രതികളുടെ സഹായത്തോടെയായിരുന്നു പീഡനം. പിന്നീട് പീഡനത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയിൽനിന്ന് പണവും ആഭരണങ്ങളും തട്ടിയെടുത്തെന്നും പറവൂർ പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 പ്രകാരം പീഡനത്തിന് പത്തുവർഷം തടവും 25,000 രൂപ പിഴയും 377 പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇൗ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. എന്നാൽ പണവും ആഭരണങ്ങളും തട്ടിയെടുത്തതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 384 പ്രകാരം രണ്ടുവർഷത്തെ തടവുകൂടി പ്രതിക്ക് വിധിച്ചിട്ടുണ്ട്. ഇൗ ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.