dd

തൊടുപുഴ: മുട്ടം ജില്ലാ ജയിലിൽ പീഡനക്കേസ് പ്രതിയായ തടവുകാരൻ ജീവനൊടുക്കിയത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ നിഗമനം. ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ വിചാരണ തടവുകാരൻ നരിയമ്പാറ തടത്തുകാലായിൽ മനു മനോജിനെ (24) കഴിഞ്ഞ വ്യാഴാഴ്ച മുട്ടം ജില്ലാജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ഇയാൾ ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനത്തിൽ എത്തിയത്. ജയിലിന്റെ മുകളിലെ നിലയിൽ വസ്ത്രം ഉണക്കാനായി പോയ ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് ഉടുമുണ്ടും തോർത്തും കൂട്ടികെട്ടി ഗ്രില്ലിൽ ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ മുട്ടത്തുള്ള ആശുപത്രിയിലും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ രാവിലെ 11.45നാണ് പോസ്റ്റ് മോർട്ടം പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നി‌ർദേശപ്രകാരം യുവാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ ജയിലിലെത്തി വിവരങ്ങൾ തിരക്കി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും ജയിലിൽ എത്തി പരിശോധന നടത്തിയിരുന്നു.