പ്രസിഡന്റ് ജോ ബൈഡന്റെ നിർണായക തിരഞ്ഞെടുപ്പുജയം അന്താരാഷ്ട്ര തലത്തിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് തീർച്ച. കഴിഞ്ഞ നാലു വർഷങ്ങളിൽ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ വ്യത്യസ്ത ദിശയിലേക്കാണ് പോയതെന്നു പറഞ്ഞാൽ, ഒട്ടും അതിശയോക്തിയാവില്ല. വംശീയ ധ്രുവീകരണത്തിലും ഇടുങ്ങിയ ദേശീയ ചിന്താഗതിയിൽക്കൂടി അമേരിക്കയെ ഉള്ളിലേക്കു വലിക്കുന്ന നിലപാടാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിരുന്നത്. ഇതിനൊരു അപവാദം, ഇസ്രയേലി, അറബ് രാജ്യങ്ങളുമായി നടത്തിയ സമാധാന കരാറിന്റെ പുരോഗതി മാത്രമാണ്. 'അബ്രഹാം ഉടമ്പടി'യിലൂടെ യു.എ.ഇ, ജോർദാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി ഇസ്രയേലിനെ അടുത്തു കൊണ്ടുവരാൻ അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി നല്ല ബന്ധങ്ങളുണ്ടാക്കാനുള്ള പരിശ്രമങ്ങൾ തീരെ വിജയിച്ചില്ല.
യൂറോപ്യൻ യൂണിയനുമായി അകലാനും റഷ്യയുമായി ഇണങ്ങാനും പിണങ്ങാനുമൊക്കെ ശ്രമിക്കുന്ന കാഴ്ചകൾ കഴിഞ്ഞ നാലു വർഷങ്ങളിൽ കണ്ടതാണ്. ചൈനയുമായി വ്യാപാരയുദ്ധത്തിൽ ഏർപ്പെട്ടതോടെ അമേരിക്കൻ ജനങ്ങളിൽ, പ്രത്യേകിച്ച് വെളുത്ത വർഗക്കാർക്കിടയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ വർദ്ധിച്ചു. പക്ഷേ, സാമ്പത്തികമായി നല്ല ഗുണങ്ങൾക്ക് അത് വഴിവച്ചില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ചൈനാ വിരോധം സാമ്പത്തിക നയങ്ങളിൽ അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നും തെഴിലില്ലായ്മയ്ക്ക് അറുതി വരുമെന്നും ട്രംപ് വിശ്വസിച്ചിരുന്നു. ഇന്നത്തെ ശക്തമായ ചൈനയെ നേരിടാൻ പ്രസിഡന്റ് ട്രംപിനു മാത്രമെ കഴിയുകയുള്ളൂവെന്ന റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രചാരണം ഫലത്തിൽ അസ്ഥാനത്തായി.
2021 ജനുവരി 20 ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ ഇന്ത്യയുമായുള്ള നിലപാടുകൾ എങ്ങനെയാകുമെന്ന് ഈ സാഹചര്യത്തിൽ വിലയിരുത്താം. വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപിന് നല്ല ബന്ധങ്ങളുണ്ടായിരുന്നു. മാത്രമല്ല, പാകിസ്ഥാൻ- ചൈന അച്ചുതണ്ടിനോട് ട്രംപിന് ആത്മാർത്ഥമായ എതിർപ്പുണ്ടായിരുന്നു. തീവ്രവാദത്തിന്റെ ഈറ്റില്ലമായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മാറിയപ്പോൾ റിപ്പബ്ളിക്കൻ ഭരണം വെല്ലുവിളികളേറെ നേരിട്ടു. ഈ രണ്ടു ശക്തികൾക്കും ബദലായി ഇന്ത്യയെ കളത്തിലിറക്കാമെന്നും ഇസ്ളാമിക് തീവ്രവാദത്തിനുള്ള പ്രതിരോധത്തിന് ഇന്ത്യയെക്കാൾ മറ്റൊരു സഖ്യത്തിന് അമേരിക്കയ്ക്ക് ലഭിക്കാനുമില്ലായിരുന്നു.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥൻ നയം ഒന്നിച്ചു കൊണ്ടുപോകണമെന്ന് അമേരിക്കൻ ബുദ്ധിജീവികൾ ട്രംപിനെ ഉപദേശിച്ചു. അപ്പോഴും താലിബാനുമായി സന്ധി ചെയ്ത് അഫ്ഗാനിസ്ഥാൻ ഭരണം നടക്കട്ടെയെന്ന നയം ട്രംപ് സ്വീകരിച്ചപ്പോൾ വിയറ്റ്നാം യുദ്ധത്തിനു ശേഷം മറ്റൊരു പരാജയമേഖല ഏഷ്യയിൽ അമേരിക്കയ്ക്ക് നേരിടേണ്ടിവന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ചൈനയുമായി മത്സരിക്കുമ്പോൾ ഇന്ത്യ- പസഫിക് മേഖലയിൽ അമേരിക്കയ്ക്ക് വേണ്ട ഇടം കിട്ടണമെങ്കിൽ മറ്റു സഖ്യകക്ഷികളില്ലാതെ സാദ്ധ്യമല്ല. ചുരുക്കത്തിൽ Quad സഖ്യം- അമേരിക്ക, ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ തന്ത്രപരമായി കൈകോർത്ത് മുന്നോട്ടു പോകുവാൻ കഴിഞ്ഞു. മലബാർ നാവിക പരിശീലന അഭ്യാസത്തിൽ ആസ്ട്രേലിയ കൂടി പങ്കാളിയായതിൽ ഇന്ത്യ- അമേരിക്കൻ ബന്ധങ്ങളുടെ ആനുകാലിക പ്രസക്തി കാണാനാകും.
ന്യൂക്ളിയർ ബന്ധങ്ങൾ
കഴിഞ്ഞ ശീതയുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ- അമേരിക്കൻ ബന്ധങ്ങൾ അങ്ങേയറ്റം വഷളായിരുന്നു. പക്ഷേ, ക്ളിന്റൺ ഭരണത്തിൽ കുറച്ചു പുരോഗതിയുണ്ടായി. ആണവപരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഭാരതവുമായി ഉണ്ടായിരുന്ന സാമ്പത്തിക ഉപരോധം ക്ളിന്റണു തന്നെ എടുത്തുമാറ്റേണ്ടിവന്നു. ഇന്ന് ന്യൂക്ളിയർ സപ്ളൈസ് ഗ്രൂപ്പുമായി ഇന്ത്യയ്ക്ക് ഒറ്റപ്പെടലുകൾ ഉണ്ടാകുന്നില്ല. ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ അമേരിക്കൻ- ഇന്ത്യ ന്യൂക്ളിയർ ബന്ധങ്ങൾക്ക് നല്ല പിന്തുണ നൽകുന്നുണ്ട്. ബൈഡൻ പ്രസിഡന്റ് ആകുമ്പോൾ ഇതിന് പ്രസക്തി വർദ്ധിക്കാനാണ് സാദ്ധ്യത. ഒബാമ ഭരണത്തിലും അനുകൂലമായ കാറ്റു വീശിയത് നമ്മൾ കണ്ടതാണ്.
ചുരുക്കത്തിൽ ന്യൂക്ളിയർ രംഗത്തെ സഹകരണം, ഇന്തോ പസഫിക് സമുദ്ര മേഖലയിലെ തന്ത്രപരമായ പ്രവർത്തനങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ വളർച്ച, ശൂന്യാകാശ ഗവേഷണ രംഗങ്ങൾ തുടങ്ങിയവയിലെല്ലാം ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദം വർദ്ധിക്കാൻ എല്ലാ സാഹചര്യങ്ങളും കാണുന്നുണ്ട്. മാത്രമല്ല, ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ നൂറ് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ നേരിട്ടെത്തി പ്രവർത്തിക്കാനും അതുപോലെ, നമ്മുടെ പ്രശസ്ത സർവകലാശാലകൾക്ക് മറ്രു രാജ്യങ്ങളിൽ പോയി പ്രവർത്തിക്കുവാനും കാബിനറ്റ് അനുമതി നൽകിയതും ഇന്തോ- അമേരിക്കൻ ബന്ധങ്ങളുടെ വളർച്ചയ്ക്ക് ശക്തിയേറ്റുമെന്നുള്ളത് ഉറപ്പാണ്.
അടുപ്പത്തിലെ അകലങ്ങൾ
ആശയപരമായി ജോ ബൈഡന് ഇന്ത്യൻ ജനാധിപത്യവുമായി സഹകരിക്കാൻ പറ്രുന്ന ചില മേഖലകളുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനവും ശക്തിയുള്ളതുമായ ജനാധിപത്യം അമേരിക്കയുടേതാണ്. അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യവും, വൈവിദ്ധ്യതയും, ബഹുസ്വരതയും ഇന്ത്യയുടേതാണ്. പക്ഷേ, ഈ സാദൃശ്യതയ്ക്ക് അപ്പുറം ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായ പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യയുമായി തർക്കവിഷയങ്ങൾ ഉള്ളത് നമ്മൾ ശ്രദ്ധിക്കണം.അതിൽ മുൻപന്തിയിൽ വരുന്ന മൂന്നു ഘടകങ്ങൾ ചൂണ്ടിക്കാണിക്കാം- കാശ്മീർ പ്രശ്നം, മനുഷ്യാവകാശ സംരക്ഷണ പ്രശ്നങ്ങൾ, ബഹുസ്വരതയും ന്യൂനപക്ഷ സംരക്ഷണവും നൽകുന്ന കാര്യങ്ങൾ.
ഈ വിഷയങ്ങളിൽ ജോ ബൈഡന് ഇന്ത്യയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാൻ സാദ്ധ്യതകൾ ഏറെയാണ്. പരമ്പരാഗതമായി കാശ്മീർ പ്രശ്നത്തിൽ ഇന്ത്യൻ നിലപാടുകളെ ഡെമോക്രാറ്റിക് പാർട്ടിക്ക് പിന്തുണയ്ക്കാൻ കഴിഞ്ഞിട്ടില്ല. മുപ്പതു വർഷത്തോളം സെനറ്റിൽ ഫോറിൻ റിലേഷൻസ് കമ്മിറ്റിയിൽ പ്രവർത്തിക്കുമ്പോഴും ഇന്ത്യയ്ക്കു വേണ്ടി ന്യൂക്ളിയർ മേഖലയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പിന്തുണ നൽകിയിട്ടും, കാശ്മീർ പ്രശ്നത്തിൽ വ്യത്യസ്ത നിലപാട് അദ്ദേഹം എടുത്തിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കാശ്മീരിൽ ഇന്ത്യ ശ്രദ്ധിച്ചിട്ടേയില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി എന്നും വിമർശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അമേരിക്കയുടെ മദ്ധ്യസ്ഥതയ്ക്ക് നമുക്കു താത്പര്യമില്ലെന്ന് ഒബാമയോടും ട്രംപിനോടും നമ്മൾ വ്യക്തമാക്കിയിട്ടുണ്ട്.
കാശ്മീർ എന്ന കനൽ
ഏഷ്യയുടെ ന്യൂക്ളിയാർ ഫ്ളാഷ് പോയിന്റ് ആയി കാശ്മീരിനെ വിശേഷിപ്പിച്ചത് പ്രസിഡന്റ് ക്ളിന്റൺ ആയിരുന്നു. മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിൽ നമ്മൾ ശ്രദ്ധിക്കുന്നില്ലെന്ന് ജോ ബൈഡനും തിരഞ്ഞെടുപ്പു വേളയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഹുസ്വരത ജനാധിപത്യത്തിന്റെ കാതലാണെന്നും, അക്കാര്യത്തിൽ ഇന്ത്യയുടെ ആനുകാലിക സാഹചര്യങ്ങൾ സഹായകമല്ലെന്നും ഡെമോക്രാറ്റിക് പാർട്ടിക്ക് ഇപ്പോൾ അഭിപ്രായമുണ്ട്. മതപരിവർത്തനത്തിന് സന്നദ്ധ സംഘടനകളുടെ മറവ് ഉപയോഗിക്കുന്നതിനെതിരായി മോദി ഭരണം ശക്തമായി വന്നത് അമേരിക്കയിൽ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ നിലപാട് മോദി ഭരണത്തോട് അനുകൂലമായുള്ളതായിരുന്നു. ചുരുക്കത്തിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങളിലെല്ലാം പ്രസിഡന്റ് ബൈഡൻ എങ്ങനെ പ്രതികരിക്കുമെന്നത് കാണേണ്ടതാണ്.
മൊത്തത്തിൽ നോക്കുമ്പോൾ ഇന്ത്യ- അമേരിക്കൻ ബന്ധങ്ങൾ ശക്തിപ്പെടാൻ വളരെയധികം സാദ്ധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാന പ്രശ്നത്തിൽ ബൈഡന് വ്യക്തായ നിലപാടുണ്ട്. കാർബൺ പുക പുറത്തേക്കു വിടുന്നതിൽ വികസിത രാജ്യങ്ങൾക്കും വലിയ ഉത്തരവാദിത്വമുണ്ടെന്നുള്ള അദ്ദേഹത്തിന്റെ നിലപാട് നമ്മൾ പൂർണമായും സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തിൽ ട്രംപിന്റെ നിലപാട് മറിച്ചാണ്. തൊഴിൽ മേഖലയിൽ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിലപാടിൽ നിന്ന് ബൈഡൻ തീർച്ചയായും മാറുമെന്ന് വ്യക്തം. ട്രംപിന്റെ വംശീയ ധ്രുവീകരണത്തിനെതിരായ നയങ്ങൾ ഇന്ത്യൻ വംശജർക്ക് സ്വാഗതമേറ്റുന്നതാണ്.
കൊവിഡിൽ കുരുക്കുന്നത്
തൊഴിലവസരങ്ങൾ നമുക്കു വർദ്ധിക്കുവാനും അമേരിക്കൻ സാങ്കേതിക മൂലധന നിക്ഷേപം കൂടുതൽ അവസരമുണ്ടാക്കും. മാത്രമല്ല, കൊവിഡിനെ ചെറുക്കാനുള്ള വാക്‌സിൻ കണ്ടുപിടിക്കുമ്പോൾ ഭാരതത്തിന് വലിയ തോതിൽ അത് ഉത്പാദിപ്പിക്കുവാനും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാനും കഴിയും. ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് ഇന്ത്യയെ ആശ്രയിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ചുരുക്കത്തിൽ, രണ്ടു രാജ്യങ്ങളും തമ്മിൽ സാങ്കേതിത, ആണവ, നൂതന ഗവേഷണമേഖലകളിൽ നല്ല സാദ്ധ്യതകൾ ഉണ്ടാകുന്നത് ബൈഡൻ ഭരണത്തിൽ കാണാം.
അനുകൂലമായ കുടിയേറ്റ നയം, ഇന്തോ- പസഫിക് സമുദ്രത്തിലെ സാദ്ധ്യതകൾ, വ്യാപാര ബന്ധങ്ങളിലെ പുത്തൻ ഉണർവ്, ബൗദ്ധിക രംഗത്തെ വളർച്ച ഇവയെല്ലാം ഈ രണ്ടു ജനാധിപത്യ രാജ്യങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കും. യാദൃച്ഛികമാണെന്നു പറയാൻ കഴിയില്ലെങ്കിലും, ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഇക്കാര്യത്തിൽ നല്ല പങ്കു വഹിക്കാൻ കഴിയും. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ഏഷ്യൻ വംശജയായതിൽ മൂന്നാംലോക രാജ്യങ്ങൾക്ക് അഭിമാനിക്കാൻ വകയുണ്ട്. പ്രസിഡന്റ് ട്രംപ് മുന്നോട്ടു പോയതിൽ വളരെക്കൂടുതൽ ബൈഡൻ ഭരണത്തിൽ ഇന്തോ- അമേരിക്കൻ ബന്ധങ്ങൾ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാറുന്ന ഐ.ടി ആശങ്കകൾ
ട്രംപ് ഭരണത്തിൽ ഐ.ടി രംഗത്ത് ഇന്ത്യ, അമേരിക്കൻ ബന്ധങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അമേരിക്കൻ യുവാക്കളുടെ ജോലിസാദ്ധ്യത, ഇന്ത്യൻ സോഫ്ട് വെയർ എൻജിനിയർമാർ തട്ടിക്കൊണ്ടുപോകുന്നുവെന്ന ആക്ഷേപം റിപ്പബ്ളിക്കൻ പാർട്ടിക്ക് വളരെക്കാലമായുണ്ട്. ഈ സാഹചര്യത്തിന് നല്ല മാറ്റങ്ങൾ വരാനും കൂടുതൽ വിസ അനുവദിക്കാനും ജോ ബൈഡൻ ഭരണത്തിൽ സാദ്ധ്യതയുണ്ട്. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളും മറ്റും ഇത്തവണ ഡെമോക്രാറ്റിക് പാർട്ടിക് പിന്തുണ നൽകിയത് അവർക്ക് വർക്ക് പെർമിറ്റിനും കുടിയേറ്റ നിയമങ്ങളിലും വിസാ വിതരണത്തിലും അനുകൂല പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ്.
കമലാ ഹാരിസിന്റെ സ്ഥാനാർത്ഥി പ്രവേശനം ഇന്ത്യൻ പ്രവാസികൾക്ക് വലിയ പ്രതീക്ഷയുണ്ടാക്കി. 78 ശതമാനത്തോളം ഇന്ത്യൻ പ്രവാസി വോട്ടർമാർ ബൈഡൻ- കമലാ ഹാരിസ് സ്ഥാനാർത്ഥികളെ പിന്തുണച്ചത് ഈ പശ്ചാത്തലത്തിൽ വ്യക്തമാണല്ലോ. ഈ തിരഞ്ഞെടുപ്പു വിജയത്തോടെ അമേരിക്കയിലെ ഇന്ത്യൻ സമൂഹം കൂടുതൽ സന്തോഷിച്ചിരിക്കുകയാണ്.