i20

കൊച്ചി: ഇന്ത്യൻ വിപണിക്കും ഹ്യുണ്ടായിക്കും ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയ ലോഞ്ചുകളിലൊന്നാണ് പുത്തൻ ഐ20 എന്ന് സംശയമേതുമില്ലാതെ പറയാം. 2008ലാണ് ഐ20 ആദ്യമായി ഇന്ത്യയിലെത്തിയത്. അന്നുമുതൽ ഇന്നോളം വലിയ മാറ്റങ്ങൾ ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മാനസകാറായി ഐ20 മാറി.

ഇപ്പോഴിതാ വൻ ഇടവേളയ്ക്ക് ശേഷം വലിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പുത്തൻ ഐ20. ശ്രേണിയിലെ ഏറ്റവും മികച്ചതും പുതിയതുമായ ഒട്ടേറെ ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ ഐ20. രാജകീയം എന്ന് നിസംശയം പറയാം.

മുന്നിലേക്ക് ആഞ്ഞുനിൽക്കുന്ന ബോണറ്റ്, അതിലെ ശക്തമായ വരകൾ, വെന്യൂവിലും ക്രെറ്റയിലും പുതിയ ഓറയിലുമെല്ലാമുള്ള കാസ്‌കേഡ് ഗ്രിൽ, പ്രൊജക്‌ടർ ഹെഡ്‌ലാമ്പ്, വേറിട്ടതും പുതുമയേറിയതുമായ പിൻഭാഗം, ബൂമറാംഗ് ശൈലിയിലെ ടെയ്ൽ ലാമ്പുകൾ, അവയെ ബന്ധിപ്പിക്കുന്ന വലിയ വര, ആകർ‌ഷകമായ ആലോയ് എന്നിവ പുറംഭാഗത്തെ ചന്തമുള്ളതാക്കുന്നു.

മുൻഗാമിയെ അപേക്ഷിച്ച് നീളവും വീതിയും കൂടിയത് അകത്തളത്തെ വിശാലമാക്കുന്നു. മികച്ച കാഴ്‌ചാനുഭവവും അകത്തളം നൽകുന്നുണ്ട്. നാവിഗേഷനും ഇൻഫോടെയ്‌ൻമെന്റുമുള്ള 10.25 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീൻ, ബോസിന്റെ 7-സ്‌പീക്കർ സൗണ്ട് സിസ്‌റ്റം, മികച്ച ആകാശക്കാഴ്‌ച സമ്മാനിക്കുന്ന സൺറൂഫ്, എയർപ്യൂരിഫയർ, നീല ആംബിയന്റ് ലൈറ്റ്, വയർ‌ലെസ് ഫോൺ ചാർജിംഗ്, ഹ്യുണ്ടായ് ബ്ളൂലിങ്ക് ടെക്‌നോളജി, 300 ലിറ്റർ ബൂട്ട്‌സ്‌പേസ് എന്നിങ്ങനെയും അകത്തള വിശേഷങ്ങൾ ധാരാളം.

1.2 ലിറ്റർ കാപ്പ പെട്രോൾ, 1.0 ടർബോ പെട്രോൾ, 1.5 ലിറ്റർ‌ ഡ‌ീസൽ എന്നീ എൻജിൻ ഓഫ്‌ഷനുകളുണ്ട്. ഐ.വി.ടി., 5-സ്‌‌പീഡ് മാനുവൽ എന്നിവയോട് ചേർന്നമാണ് കാപ്പ എൻജിൻ. 6-സ്‌പീഡ് മാനുവലാണ് ഡീസൽ എൻജിൻ ട്രാൻസ്‌മിഷൻ. 1.0 ടർബോയ്ക്കൊപ്പം ഡി.സി.ടി, ഐ.എം.ടി ഓപ്‌ഷനുകളുണ്ട്.

പെർഫോമൻസിലും ഗിയർ ഷിഫ്‌റ്റിംഗിലും പ്രതീക്ഷിക്കുന്നതിനേക്കാൾ മികച്ച റെസ്‌പോൺസ് ലഭിക്കുന്നു എന്നത് വിപണിയിൽ പുതിയ ഐ20യ്ക്ക് കരുത്താകും. 6.79 ലക്ഷം മുതൽ 11.17 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില.