കല്ലറ: അനധികൃതമായ റിസർവ് വനഭൂമിയിൽ കടന്നുകയറി ജെ.സി.ബി ഉപയോഗിച്ച് വഴിവെട്ടുകയും, ഭൂമി ഇടിച്ചു നിരത്തുകയും മരങ്ങൾ നശിപ്പിക്കുകയും വനമേഖലയിൽ വാഹനത്തിൽ ഹോട്ടൽ മാലിന്യം കൊണ്ടുവന്നു തള്ളുകയും ചെയ്ത കേസിൽ ആറു പേരെ വനം വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു.
നെയ്യാറ്റിൻകര പരശുവയ്ക്കൽ വാഴുത്തോട്ട്കോണം പുത്തൻ വീട്ടിൽ സജി (38), കാട്ടാക്കട വീരണക്കാവ് പ്രദീപ് ഭവനിൽ പ്രദീപ് (42) പാറശാല നടുത്തോട്ടം സച്ചിൻ ഭവനിൽ രജീവ് (47), പാറശാല മുറിയൻകര ആർ കെ നിവാസിൽ നൗഫൽ (26), കാട്ടാക്കട പുന്നൻകരിക്കകം കിരൺ സദനത്തിൽ കിരൺ (38), ആര്യനാട് പറണ്ടോട് ശ്രീ വിലാസത്തിൽ രാജേഷ് കുമാർ (30) എന്നിവരെയാണ് പാലോട് റേഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ഉപയോഗിച്ച ജെ.സി.ബി, രണ്ട് കണ്ടെയ്നർ പിക് അപ്പുകൾ, യമഹ ബൈക്ക് എന്നിവ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. പാലോട് റേഞ്ച് പച്ചമല സെക്ഷൻ പരിധിയിൽ കരിമ്പിൻകാല സെറ്റിൽമെന്റ് വനമേഖലയിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ആൾതാമസം കുറവായ പ്രദേശമായതിനാൽ സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് ഇവിടെ ഇടുക പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെതുടർന്ന് രാത്രിയിൽ നടത്തിയ പട്രോളിംഗിനിടെയാണ് സംഭവം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരിൽ കേസ് രജിസ്ട്രർ ചെയ്തു. സംഭവത്തിൽ ഇനിയും പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് റെഞ്ച് ഓഫീസർ പറഞ്ഞു.