sherley-and-sakkir-hussai

പേരൂർക്കട: ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന സംഭവത്തിൽ ഹോംനഴ്സും സുഹൃത്തും അറസ്റ്റിലായി. നെടുമം അരയൻതുരുത്ത് മഞ്ച തടത്തരികത്ത് വീട്ടിൽ ഷെർളി (37), കാരോട് ചെങ്കവിള ഐരയിൽ മേലേക്കോണം മണപ്പഴഞ്ഞി വീട്ടിൽ സക്കീർ ഹുസൈൻ (28) എന്നിവരാണ് പിടിയിലായത്. നവംബർ 8നായിരുന്നു സംഭവം. ജോലി ചെയ്യുന്ന മണ്ണന്തല ആരാധന നഗറിൽ സി.പി. ജോണിന്റെ വീട്ടിൽ നിന്ന് 14,000 രൂപയും 7 പവൻ സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്.

മോഷണത്തിനുശേഷം സക്കീർ ഹുസൈനൊപ്പം ഇവർ രക്ഷപ്പെടുകയായിരുന്നു. വൃദ്ധരായ ജോണിനെയും ഭാര്യയെയും ശുശ്രൂഷിക്കുന്നതിനായി സ്വകാര്യ ഏജൻസി വഴിയാണ് ഷെർളി ഹോം നഴ്സായി എത്തിയത്. ഇവർ ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്. ഇയാളുടെ വിലാസമാണ് ഏജൻസിക്ക് ഷെർളി നൽകിയിരുന്നത്. മോഷണശേഷം സുഹൃത്തുമൊത്ത് നഗരത്തിലെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇവർ പിടിയിലായത്. മോഷ്ടിച്ച സ്വർണവും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തി. മണ്ണന്തല സി.ഐ ജി.പി. സജുകുമാർ, എസ്.ഐ ഒ.വി. ഗോപിചന്ദ്രൻ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ കവിത, രതീഷ്, സിബി എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.