diwali

ദീപാവലി 12,000- 15,000 വർഷങ്ങൾ പഴക്കമുള്ള ആഘോഷമാണ്. വർഷത്തിൽ ഈ സമയത്ത് ജീവിതം ഒരു പ്രത്യേക ആലസ്യത്തിലാവുമെന്നും, സാധാരണ രീതിയിലുള്ള വേഗത, അതിനുണ്ടാവില്ലെന്നും ആളുകൾ മനസിലാക്കിയിരുന്നു. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ, സൂര്യൻ ഒരു പ്രത്യേക സ്ഥാനത്തായതു കാരണം, ഇത് ശീതകാലമാണ്. ഇതിനുപരിയായി ഗുരുത്വാകർഷണം, എല്ലാറ്റിലും ഒരു പ്രത്യേക തരം മന്ദത ഉണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഈ സമയം ഒന്നും നന്നായി വളരില്ല. ലോകത്ത്, 12000 വർഷങ്ങളുടെ കൃഷി പാരമ്പര്യമുള്ള ഒരേയൊരു രാജ്യമായ ഇന്ത്യയിൽ, ഈ സമയത്ത് വിത്തുകൾ മുളപൊട്ടില്ല. പൊട്ടിയാൽത്തന്നെ വളരെ സാവധാനത്തിലായിരിക്കും. ജീവന്റെ എല്ലാ പ്രവർത്തനങ്ങളും മന്ദീഭവിക്കും. എല്ലാത്തിലും ഒരു തരം ജാഡ്യം കൈവരും. ജാഡ്യമെന്നാൽ മരണം, ചലനമെന്നാൽ ജീവിതം. ഒരു തരത്തിൽ എല്ലാറ്രിലും താത്‌കാലിക മരണം സംഭവിക്കുന്നു. മാനസികമായി നിങ്ങൾ വിഷാദത്തിലാവുകയും, ശാരീരികമായി മന്ദഗതിയിലാവുകയും ചെയ്യും. ഈ ആലസ്യം,നമ്മെ മാനസികമായും ശാരീരികമായും അലട്ടാതെ, ക്രിയാത്മകമായി മാറ്റിയെടുക്കാൻ, നമ്മൾ പദ്ധതികൾ ആവിഷ്കരിച്ചു. കാർത്തിയിലെ മുഴുവൻ ചാന്ദ്രമാസവും, ആളുകൾ വീട്ടിലെ സജീവത നിലനിറുത്താൻ വിളക്ക് തെളിക്കുന്നു. സാമ്പത്തികാവസ്ഥ പരിമിതമായിരുന്നപ്പോഴും ഈ പ്രത്യേക മാസത്തിൽ അവർ കഴിയുന്നിടത്തോളം വിളക്കുകൾ തെളിക്കുമായിരുന്നു, വീട്ടിലേക്കുള്ള പ്രവേശന കവാടത്തിനു ചുറ്റിലും ഉള്ളിലും പുറത്തുമെല്ലാം. കാരണം, മനുഷ്യന്റെ മനസ് സ്വാഭാവികമായും വിഷാദത്തിലാവുന്ന കാലമാണിത്. ഇതിനെ വെളിച്ചത്തിന്റെ ആഘോഷമാക്കി മാറ്റി. അതുകൊണ്ട് ദീപാവലിയെന്നാൽ ഒരു ദിവസമല്ല, മാസം മുഴുവനും ആഘോഷിക്കാനുള്ളതാണ്.

ചരിത്രപരമായി ദീപാവലിയെ നരകചതുർദശിയെന്നാണ് പറഞ്ഞിരുന്നത്. നരകചതുർദശി ആവുമ്പോൾ, പുലർച്ചെ നാലുമണിക്ക്, രാജ്യം മുഴുവനും പടക്കങ്ങൾ പൊട്ടിക്കും. അപ്പോൾപ്പിന്നെ ആർക്കും കിടന്നുറങ്ങാനാവില്ല; എല്ലാവരും സജീവമാകും. കാരണം, ശീതകാലത്ത് സൂര്യോദയത്തിന് മുൻപേ എല്ലാവരും ഉണരേണ്ടത് നിർബന്ധമാണ്. ആദ്യത്തെ സൂര്യരശ്മി പുല്ലിലോ പുഴുവിലോ പ്രാണികളിലോ അല്ല- നിങ്ങളിലാണ് പതിക്കേണ്ടത്. അതുകൊണ്ടു തന്നെ സൂര്യോദയത്തിന് മുൻപേ, ആദ്യ സൂര്യകിരണങ്ങളെ വരവേൽക്കാൻ എല്ലാവരും വെളിയിൽ വന്നു നിൽക്കുമായിരുന്നു. ആലസ്യത്തെ അവസാനിപ്പിക്കുക എന്നതാണ് പ്രധാനം. ജീവിതമെന്നാൽ കാലത്തിന്റെയും ഊർജത്തിന്റെയും വിളയാട്ടാണ്. സമയം എല്ലാവരിലും ഒരേ ഗതിയിൽ കടന്ന് പോവുകയാണ്. ആർക്കും അതിന്റെ വേഗത കുറയ്ക്കാനോ കൂട്ടാനോ സാധിക്കില്ല. നിങ്ങൾ സന്തോഷത്തിലാണെങ്കിൽ, നിങ്ങളുടെ സമയം വളരെ ചുരുങ്ങിയതായിരിക്കും. പക്ഷേ ആലസ്യവും വിഷാദവും പിടിപെട്ടാൽ, നിങ്ങളുടെ സമയം നീങ്ങാതെയാവും. 24 മണിക്കൂറെന്നത് യുഗങ്ങളായി മാറും. ദുരിതത്തിലായിരിക്കുന്നവർ മാത്രമാണ് ഏറ്റവും നീണ്ട ജീവിതം നയിക്കുന്നത്. നിങ്ങൾ സന്തോഷത്തിലാണെങ്കിൽ അത് വളരെ ചുരുങ്ങിയ ജീവിതമാണ്. ആഴത്തിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങളിൽ, വിനോദപരിപാടികളുടെ ആവശ്യം കൂടും. സന്തോഷത്തോടെയിരിക്കുന്ന ആളുകൾക്ക് വിനോദപരിപാടികളിൽ മുഴുകാനുള്ള സമയം ഉണ്ടാവില്ല. അവരിലെ സന്തോഷം അവർക്കെല്ലാം നൽകും. അങ്ങനെയുള്ളവർക്ക് നേരം പുലരുന്നതും സന്ധ്യയാവുന്നതുമെല്ലാം വളരെ പെട്ടെന്നായിരിക്കും. ദീപാവലിയെ നരകചതുർദശിയെന്ന് വിളിക്കാൻ കാരണം, നരകാസുരനെന്ന ക്രൂരനായ രാജാവിനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമായതിനാലാണ്. എല്ലാവരിലും നരകയാതന സൃഷ്ടിക്കുന്നവനെന്നാണ് നരകാസുരനെന്ന പേരിന്റെ അർത്ഥം. എന്നാൽ ദുഷ്ടത പിശാചിന്റെ രൂപത്തിൽ പ്രകടമാവണമെന്നില്ല. ആലസ്യമെന്നത് നരകത്തിന്റെ സ്രോതസാണ് . കാരണം, ഒരിക്കൽ ആലസ്യം നിങ്ങൾക്കുള്ളിൽ പ്രവേശിച്ചാൽ, നിങ്ങൾ നരകമായി മാറും. നിങ്ങൾ നരകത്തിൽ പോവുമെന്നല്ല, നിങ്ങൾ സ്വയം നരകമായി മാറും. വിവിധ രീതികളിൽ നമ്മൾ ജീവന്റെ ആലസ്യത്തെ നമ്മൾക്കുള്ളിൽ പ്രവേശിപ്പിക്കുകയാണ്. നിരാശയും വിഷാദവും പ്രതീക്ഷയില്ലായ്മയും ജീവിതത്തിൽ നിങ്ങളിതുവരെ കണ്ടിട്ടില്ലാത്ത പിശാചിനെക്കാൾ കൂടുതൽ, തകർച്ചയുണ്ടാക്കും. ജീവിതത്തിലെ മോശമായ എല്ലാറ്റിനെയും, തകർത്ത് കളയാനുള്ള ഓർമ്മപ്പെടുത്തലാണ് ദീപാവലി.