കൊച്ചി: ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ടൂവീലർ എന്ന പട്ടം ഹോണ്ടയുടെ ആക്‌ടീവയിൽ നിന്ന് പിടിച്ചെടുത്ത് ഹീറോ സ്‌പ്ളെൻഡർ. നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്‌തംബർ) 23.78 ലക്ഷം ടൂവീലറുകളാണ് ഹീറോ വിറ്റഴിച്ചത്. ഇതിൽ, 9.48 ലക്ഷം യൂണിറ്റുകളും സാധാരണക്കാരുടെ പ്രിയ മോട്ടോർസൈക്കിളായ സ്‌പ്ളെൻഡറാണ്.
രണ്ടാംസ്ഥാനത്തുള്ള ഹോണ്ട ആക്‌ടീവയുടെ വില്പന 7.19 ലക്ഷം യൂണിറ്റുകളാണ്. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ദശാബ്‌ദത്തിലേറെയായി ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള സ്‌കൂട്ടർ ഹോണ്ട ആക്‌ടീവ തന്നെയാണ്. രണ്ടാംസ്ഥാനത്തുള്ള സ്‌കൂട്ടറിനേക്കാൾ ബഹുദൂരം മുന്നിലുമാണ് ആക്‌ടീവ. ടി.വി.എസ് ജുപ്പീറ്ററിനാണ് രണ്ടാംസ്ഥാനം; വിറ്റഴിഞ്ഞ യൂണിറ്റുകൾ 2.03 ലക്ഷം.
ആകർഷകമായ വില, മികച്ച മൈലേജ്, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഒതുക്കവും ഭംഗിയുള്ളതുമായ രൂപകല്‌പന, കാലികമായ മാറ്റങ്ങൾ, താരതമ്യേന കുറഞ്ഞ മെയിന്റനൻസ് ചെലവ്, മികച്ച ഈടുനിൽപ്പ് എന്നിവയാണ് ഹീറോ സ്‌പ്ളെൻഡറിന്റെ കരുത്ത്.
ലൈസൻസുള്ള, ഏത് പ്രായക്കാർക്കും സുഗമമായി ഉപയോഗിക്കാമെന്നതും അഴകുള്ള രൂപകല്‌പനയും മികച്ച ഫീച്ചറുകളും സ്‌റ്റോറേജ് സൗകര്യവുമാണ് ആക്‌ടീവയെ പ്രിയപ്പെട്ടതാക്കുന്നത്.