കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്കായ അൾട്രോസിന്റെ എക്‌സ്.എം പ്ളസ് വേരിയന്റ് എത്തി. ആപ്പിൾ കാർ പ്ളേ, ആൻഡ്രോയിഡ് ഓട്ടോ കണക്‌ടിവിറ്റിയോട് കൂടിയ 17.78 സെന്റീമീറ്റർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റാണ് പ്രധാന ആകർഷണം.
അനായാസ റൈഡിംഗ് അനുഭവം സമ്മാനിക്കുന്ന പുതിയ അൾട്രോസിൽ സ്‌റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ ബട്ടണുകൾ, വോയിസ് അലർട്ടുകൾ, ആകർഷകമായ ആർ16 വീലുകൾ, ഫോൾഡബിൾ കീ തുടങ്ങിയ മികവുകളുമുണ്ട്. ഹൈ സ്‌ട്രീറ്റ് ഗോൾഡ്, ഡൗൺടൗൺ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗൺ ഗ്രേ എന്നീ നിറഭേദങ്ങളിൽ പുത്തൻ അൾട്രോസ് ലഭിക്കും.
2020 ജനുവരിയിലാണ് അൾട്രോസിനെ ടാറ്റ വിപണിയിലെത്തിച്ചത്. വിപണിയിൽ വൻ ഹിറ്റായതിന്റെ ചുവടുപിടിച്ചാണ് പുത്തൻ പതിപ്പിന്റെ അവതരണം. പ്രീമിയം വേരിയന്റുകളിൽ മാത്രം ലഭ്യമാകുന്ന ഫീച്ചറുകളുണ്ടെന്നതാണ് എക്‌സ്.എം പ്ളസിന്റെ പ്രത്യേകത. മികച്ച സുരക്ഷാ സൗകര്യങ്ങൾക്കുള്ള ജി.എൻ.സി.എ.പി 5 - സ്‌റ്റാർ അഡൾട്ട് സേഫ്‌റ്റി റേറ്റിംഗ് ടാറ്റാ അൾട്രോസിന്റെ പ്ളസ് പോയിന്റാണ്. ഡൽഹി എക്‌സ്‌ഷോറൂം വില (പെട്രോൾ വേരിയന്റ്) 6.6 ലക്ഷം രൂപ.