ss

തിരുവനന്തപുരം: നഗരത്തിൽ വില്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്‌തു. കൊച്ചുള്ളൂർ കൊല്ലവിള വീട്ടിൽ വിപിൻ ബാബുവിനെ (21) പേട്ട പൊലീസും തൃക്കണ്ണാപുരം ഞാലീക്കോണം കുഴിവിള പുത്തൻവീട്ടിൽ പല്ലൻ സുരേഷ് എന്ന സുരേഷിനെ (40) പൂജപ്പുര പൊലീസുമാണ് പിടികൂടിയത്. ഇവരിൽ നിന്ന് ഒരു കിലോ കഞ്ചാവ് വീതം പിടികൂടി. പേട്ട ആനയറ പാലത്തിന് സമീപം കഞ്ചാവ് വില്പനയ്ക്കായി എത്തിയ വിപിൻ ബാബുവിനെ സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീം അംഗങ്ങളും പേട്ട പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരേഷിനെ തൃക്കണ്ണാപുരം ഞാലീക്കോണം കരിങ്കാളി ക്ഷേത്രത്തിനു സമീപം സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൂജപ്പുര സി.ഐ വിൻസെന്റ് എം.എസ്. ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഗുണ്ടാ ആക്ട് ഉൾപ്പെടെ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി അടുത്തകാലത്തായി കഞ്ചാവു കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. വിപിൻ ബാബുവിന് മയക്കുമരുന്ന് എത്തിക്കുന്ന ആളുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പേട്ട സി.ഐ ഗിരിലാൽ പറഞ്ഞു. പേട്ട സ്റ്റേഷനിലെ എസ്.ഐമാരായ രതീഷ്, ഗോപകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബാബു, എസ്.സി.പി.ഒമാരായ സജി, ഷിബു, വിനോദ്, സി.പി.ഒ രഞ്ജിത്ത്, പൂജപ്പുര സ്റ്റേഷനിലെ എസ്.ഐമാരായ അൽത്താഫ്, സുരേഷ് കുമാർ, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒമാരായ മഹേഷ്, പ്രശാന്ത് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.