കോട്ടയം: പട്ടാപ്പകൽ നടുറോഡിൽ വനിതാ എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച യുവ അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനൊപ്പമുണ്ടായിരുന്ന മൂന്നു പ്രതികൾക്കായി അന്വേഷണം ത്വരിതമാക്കി.
ഇന്നലെ രാവിലെ ഒൻപതരയോടെ രാമപുരം സ്റ്റേഷൻ പരിധിയിൽ മരങ്ങാട് ജാഗ്രതാ സമിതി കേന്ദ്രത്തിനു സമീപമായിരുന്നു സംഭവം.
ജില്ലയിലെ ആദ്യ വനിതാ എസ്. ഐ എ.പി ഡിനി, പൊലീസുകാരായ വിനോദ്, ആർ.ജഗതി എന്നിവർക്കാണ് മർദ്ദനമേറ്റത്.
യുവ അഭിഭാഷകനായ മരങ്ങാട് വടയാറ്റുകുന്നേൽ വിപിൻ ആന്റണിയാണ് അറസ്റ്റിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മങ്ങാട് സ്വദേശികളായ തച്ചുപറമ്പിൽ ദീപക് ജോൺ, മൈലയ്ക്കൽ ബെനററ്, എടക്കര സച്ചിൻ ടോമി എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർ ഒളിവിലാണ്. പട്രോളിംഗ് നടത്തുകയായിരുന്ന വനിതാ എസ്.ഐ യും സംഘവും മരങ്ങാട് എത്തിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ നാലുപേർ നില്ക്കുന്നത് കണ്ട് ജീപ്പ് നിർത്തി. അപ്പോഴാണ് രണ്ട് മദ്യക്കുപ്പികൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എസ്.ഐ വിവരം ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന അഭിഭാഷകൻ യാതൊരു പ്രകോപനവുമില്ലാതെ ഓടിയെത്തി വനിതാ എസ്.ഐയുടെ മുതുകിൽ ഇടിക്കുകയായിരുന്നുവെന്നാണ് കേസ്. ഇതുകണ്ട് കൂടെയുണ്ടായിരുന്ന പൊലീസുകാർ തടസം പിടിച്ചെങ്കിലും അവരെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിപിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന മൂന്ന് പ്രതികളും ഓടി രക്ഷപ്പെട്ടു.
പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചതിനുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവരമറിഞ്ഞ് പാലാ ഡിവൈ.എസ്.പി സാജു വർഗീസ് മരങ്ങാട്ടുപള്ളിയിൽ എത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇവർ ഉടൻ പിടിയിലാവുമെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി.