തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ മകന്റെ മയക്കുമരുന്ന് കച്ചവടവും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തുമുൾപ്പെടെ അഴിമതിയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അപഹാസ്യമായ ശ്രമം മാത്രമാണ് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ചികിത്സയിലിരുന്ന ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയ വിജിലൻസ് ആരുടെയെങ്കിലും കല്പനയാണോ നിർവഹിച്ചതെന്ന് വ്യക്തമാക്കണം.അറസ്റ്റ് നാടകം കൊണ്ടൊന്നും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രമായ സി.പി.എമ്മിനും മുഖ്യമന്ത്രിയുടെ ഓഫീസിനും രക്ഷപ്പെടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.