തൊടുപുഴ: ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി കർഷക അവാർഡ് ജേതാവ്. പടമുഖം ക്ഷീര സഹകരണ സംഘം സെക്രട്ടറി ബിജു എബ്രഹാമിന്റെ ഭാര്യയും സംസ്ഥാന ക്ഷീരധാര അവാർഡ് ജേതാവ് ബെറ്റി ബിജുവാണ് ഇതു സംബന്ധിച്ച് പരാതി നൽകിയതായി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പടമുഖം ക്ഷീര സഹകരണ സംഘം സെക്രട്ടറിയായിരുന്ന ബിജുവിനെതിരെ ഭരണസമിതി വ്യാജ ആരോപണം ഉന്നയിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച് നോട്ടീസടിച്ച് വിതരണം ചെയ്തു. ഇതിനെതിരെ മുരിക്കാശേരി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാത്രമല്ല ഇതോടെ ഭരണസമിതിയിലെ ചിലർ തങ്ങളെ വേട്ടയാടുകയായിരുന്നെന്ന് ഇവർ ആരോപിച്ചു. പിന്നീട് നടന്ന വകുപ്പുതല അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് സർവീസിൽ തിരിച്ചെടുത്ത് പത്തുദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. എന്നാൽ ബിജുവിനെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമുണ്ടായത്. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെ വഴിയിൽ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും കേസിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞെന്നും ഇവർ ആരോപിക്കുന്നു. ഇതിനെതിരെ ബെറ്റി ബിജു ഇടുക്കി കോടതിയിൽ പരാതി നൽകി. ഇതു പരിഗണിച്ച് സംഘം ഭാരവാഹികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ കോടതി മുരിക്കാശേരി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംഘത്തിലെ ചില രേഖകളിലുണ്ടായ വ്യത്യാസം ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിക്കുകയായിരുന്നെന്നും ഓഡിറ്റ് നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മുൻ സെക്രട്ടറി ബിജു എബ്രാഹവും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ മുൻ പ്രസിഡന്റ് പി.കെ.സാബു, ജോയി ജോസഫ് അരിമറ്റത്തിൽ, മാത്യു ജോസഫ് വാലുമ്മേൽ, സൈമൺ പേഴുംകാട്ടിൽ എന്നിവരും പങ്കെടുത്തു.