കൊച്ചി: ഇന്ത്യയിലെ ഏറ്റവും സൂപ്പർ ഹിറ്റായ വാഹനങ്ങളിൽ മുന്നിലാണ് ടൊയോട്ട ഇന്നോവ. വിവിധോദ്ദേശ്യ വാഹന ശ്രേണിയിൽ (എം.പി.വി) വിപ്ളവമുണ്ടാക്കിയ ഇന്നോവയുടെ പുതിയ അവതാരമായിരുന്നു ക്രിസ്‌റ്റ. നിരത്തുകളിൽ വിജയഗാഥ കുറിച്ച ക്രിസ്‌റ്റയ്ക്ക് ആകർഷകമായ പുതിയ കണക്‌ടഡ് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം ഉൾപ്പെടെ ഒട്ടേറെ പുതുമകൾ നൽകി, പുതിയ പതിപ്പ് ടൊയോട്ട വിപണിയിലെത്തിച്ചു.
ഭംഗിയുള്ള പുതിയ പിയാനോബ്ളാക്ക് ട്രപസോയിഡൽ ഗ്രില്ലാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. അതിലേക്ക് വശങ്ങളിൽ നിന്ന് തെന്നിവീഴുകയാണ് ഹെഡ്‌ലാമ്പ് ക്ളസ്‌റ്റർ. ബോണറ്റ് കൂടുതൽ ഷാർപ്പായിരിക്കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകളും കൂടിച്ചേരുന്നതോടെ കൂടുതൽ സ്‌പോർട്ടീ ആകുന്നുണ്ട് ക്രിസ്‌റ്റ.
പാർക്കിംഗ് കൂടുതൽ ആയാസരഹതിവും സുഗമവുമാക്കുന്ന, എം.ഐ.ഡി ഡിസ്‌പ്ളേയോട് കൂടിയ ഫ്രണ്ട് ക്ളിയറൻസ് സോനാർ ഏറെ ഉപയോഗപ്രദവും സുരക്ഷ ശക്തമാക്കുന്നതുമാണ്. ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്‌റ്റെബിലിറ്റി കൺട്രോൾ ഹിൽ സ്‌റ്റാർട്ട് അസിസ്‌റ്റ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുമുണ്ട്.
ഇസഡ്.എക്‌സ് ഗ്രേഡിൽ, ഒട്ടകത്തിന്റെ തവിട്ടുനിറം അനുസ്‌മരിപ്പിക്കുന്ന അപ്‌ഹോൾസ്‌റ്ററി അകത്തളത്തിന് പ്രീമിയം ടച്ച് സമ്മാനിക്കുന്നു. കണക്‌ടഡ് ഇൻഫോടെയ്‌ൻമെന്റാണ് മറ്റൊരു മികവ്. ഓൾ ന്യൂ സ്മാർട്ട് പ്ളേ കാസ്‌റ്റ് ടച്ച് സ‌്ക്രീൻ ഓഡിയോയോട് കൂടിയതാണിത്. പുതിയ സ്‌പാർക്ളിംഗ് ബ്ളാക്ക് ക്രിസ്‌റ്റൽ ഷൈൻ നിറഭേദവും പുത്തൻ ക്രിസ്‌റ്റയ്ക്കുണ്ട്.
പതിപ്പുകൾ
ജി.എക്‌സ്
വി.എക്‌സ്
ഇസഡ്.എക്‌സ്
₹16.26 ലക്ഷം
പുത്തൻ ഇന്നോവ ക്രിസ്‌റ്റയ്ക്ക് എക്‌സ്‌ഷോറൂം വില 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപവരെ.
ഇന്നോവയുടെ മുന്നേറ്റം
2005ലാണ് ഇന്ത്യൻ നിരത്തിൽ ഇന്നോവ പിറക്കുന്നത്. 2016ൽ ക്രിസ്‌റ്റ അവതരിച്ചു. ഇതിനകം ഇന്നോവയെ സ്വന്തമാക്കിയത് 8.80 ലക്ഷം പേർ.