തൊടുപുഴ: കുട്ടിക്കാലത്ത് മുത്തച്ഛനിൽ നിന്ന് പകർന്നുകിട്ടിയ ഒരു ഹോബിയുണ്ടായിരുന്നു പ്രമുഖ ഭക്ഷ്യോത്പന്ന ഗ്രൂപ്പായ ബ്രാഹ്മിൺസ് എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണുവിന്. മനോഹരമായ പേനകളോടുള്ള ആ കമ്പം, വലുതായപ്പോൾ വിദേശത്ത് പോയി പേന നിർമ്മാണം പഠിക്കുന്നതിനു പ്രേരണയായി. ആഡംബര പേനകളുടെ ബ്രാൻഡായ റൈറ്റോൾ തുടങ്ങുന്നത് അങ്ങനെയാണ്. കേരളത്തിലെ ആദ്യ സംരംഭമാണിത്. 3300 മുതൽ രണ്ടു ലക്ഷം രൂപവരെയാണ് പേനയുടെ വില. ഒരു ഡിസൈനിൽ ഒരു പേന മാത്രമാണുണ്ടാവുക..
പ്രമുഖ ഹാൻഡ്മെയ്ഡ് പേന നിർമ്മാതാവായ റോൺ കാഡി എന്ന റൊണാൾഡ് കെ. കാഡിയെ ഇംഗ്ലണ്ടിൽ വച്ച് പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവ്. സായിപ്പിന് ശിഷ്യപ്പെട്ട ശ്രീനാഥ് തിരിച്ചു പറന്നിറങ്ങുമ്പോഴേക്കും പേനനിർമ്മാണവിദ്യ പോക്കറ്റിലാക്കിയിരുന്നു. ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത്. പറ്റിയ സഹായികളെ കിട്ടാതായപ്പോൾ ഒന്നുമറിയാത്തയാളെ എല്ലാം പഠിപ്പിച്ച് കൂടെ നിറുത്തി. ആദ്യം ഓൺലൈൻ മുഖേനയായിരുന്നു വില്പന. പ്രതികരണം മികച്ചതായപ്പോൾ എറണാകുളം ഒബ്രോൺ മാളിൽ ഷോറൂം തുടങ്ങി. പ്രമുഖ കാർ കമ്പനിയായ റോൾസ് റോയ്‌സ് റൈറ്റോളിന്റെ ഉപഭോക്താവാണ്. മുംബയ്, ഹൈദരാബാദ്, ജയ്പൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് നിർമ്മാണ യൂണിറ്റുകൾ. ഒരു ദിവസം ഒരു യൂണിറ്റിൽ മൂന്നു പേനകൾ മാത്രമാണ് നിർമ്മിക്കുന്നത്.
രണ്ടു ലക്ഷത്തിന്റെ പേന
റഷ്യൻ കലാകാരന്മാർ വരച്ച നാടോടി കഥകളടങ്ങിയ പെയിന്റിംഗാണ് സ്വർണംപൂശിയ ഈ പേനയുടെ വലിയ വിലയ്ക്ക് കാരണം. ഇതിനായി ശ്രീനാഥ് രണ്ടു തവണ റഷ്യയിൽ പോയിരുന്നു. 50 കാലിബർ മെഷീൻഗണ്ണിൽ നിന്ന് വെടിവച്ചശേഷമുള്ള ബുള്ളറ്റ് ഷെൽ ഉപയോഗിച്ചു നിർമ്മിച്ച പേനയ്ക്ക് വില 10,400 രൂപ. ആൽബർട്, അലക്‌സാൻഡ്ര, കാനറി വാർഫ്, ചെയർമാൻസ്, വെസ്റ്റ് മിനിസ്റ്റർ, ന്യൂകാസിൽ, സൊമർസെറ്റ് തുടങ്ങിയ മോഡലുകൾ വിപണിയിലുണ്ട്. ഇവയിൽ ഫൗണ്ടൻ പേനകളും ബോൾ പോയിന്റും റോളർ ബോൾ പേനകളുമുണ്ട്.
'കേരളത്തിൽ ആഡംബര പേന വിപണിക്ക് സാദ്ധ്യതകളേറെയാണ്. സെലിബ്രിറ്റികൾ, പേന കളക്ഷൻ ഇഷ്ടപ്പെടുന്നവർ എന്നിവർക്കിടയിലാണ് വിപണി. 1500 കോടി രൂപയുടെ വിപണിയാണ് ഇന്ത്യയിൽ ഉള്ളത്. കൊവിഡിനുശേഷം ബംഗളൂരു, ചെന്നൈ, മുംബയ് എന്നിവിടിങ്ങളിലടക്കം രാജ്യമെമ്പാടും ഷോറൂമുകൾ തുറക്കും.'
-ശ്രീനാഥ് വിഷ്ണു (സി.ഇ.ഒ, റൈറ്റോൾ)