തൊടുപുഴ: ജീവനക്കാരുടെ കുറവ് മൂലം കോലാനി കോഴി- പന്നി വളർത്തൽ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. രണ്ട് കോഴി ഷെഡ് മാത്രമുണ്ടായിരുന്ന 1974ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഫാമിൽ നിലവിലുള്ളത്. പിന്നീട് 1990ൽ പന്നി ഫാം, 2012ൽ ഹാച്ചറി എന്നിവ തുടങ്ങിയെങ്കിലും കൂടുതൽ ജീവനക്കാരെ അനുവദിച്ചിട്ടില്ല. ആകെ 22 ജീവനക്കാരാണ് ഫാമിലുള്ളത്. ഇതിൽ പുറംജോലിക്കാരായ 14 തൊഴിലാളികളും ദിവസവേതനക്കാരാണ്. ബാക്കി എട്ട് പേർ മാത്രമാണ് സ്ഥിരം ജീവനക്കാരുള്ളത്. ബാക്കിയുള്ള ഒഴിവുകൾ നികത്തണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊള്ളുന്നില്ല. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ പന്നികളെയും കോഴികളെയും കൃത്യമായി പരിശോധിക്കുകയോ പരിപാലിക്കുകയോ ചെയ്യാനാകുന്നില്ല. ഇതിന് ഉദാഹരണമാണ് സംസ്ഥാനത്ത് അപൂർവമായ ബ്രൂസില്ല രോഗബാധ ഒമ്പത് മാസത്തിനിടെ രണ്ടാം തവണയും കോലാനി ഫാമിൽ റിപ്പോർട്ട് ചെയ്തത്. ആദ്യം ഫെബ്രുവരിയിൽ രോഗം സ്ഥിരീകരിച്ച 20 പന്നികളെ കൊന്നുകളയേണ്ട സാഹചര്യമുണ്ടായി. അതിന് ശേഷം ഇവിടെ പന്നികളുടെ ഉത്പാദനം നടക്കുന്നില്ല. കഴിഞ്ഞ ദിവസം ഫാമിലെ പന്നികളിൽ രോഗം കണ്ടെത്തി. ഇവയെ മറ്റ് പന്നികളിൽ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാക്കിയിരിക്കുകയാണ്. അന്തിമഫലം കൂടിയെത്തിയാൽ ഇവയെയും കൊല്ലേണ്ടി വരും.

എല്ലാ സൗകര്യവുമുണ്ട്, പക്ഷേ,ഇടുക്കിയിലെ ജില്ലാ ഫാം പ്രവർത്തിക്കുന്നത് തൊടുപുഴയ്ക്ക് സമീപം കോലാനിയിൽ സ്വന്തമായുള്ള 8.5 ഏക്കർ സ്ഥലത്താണ്. കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള വിശാലമായ ഫാം സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ദിവസം ശരാശരി മൂവായിരം കോഴിക്കുഞ്ഞുങ്ങളെ വീതം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹാച്ചറിയും നൂറോളം പന്നികളെ വളർത്താനുള്ള സൗകര്യവുമുണ്ട് ഇവിടെ. ഇറച്ചിക്കോഴി, പന്നിക്കുഞ്ഞുങ്ങൾ എന്നിവയെ ഉത്പാദിപ്പിക്കാനും ഫാമിൽ സൗകര്യമുണ്ട്. എന്നാൽ ആവശ്യമായ കോഴികളെയോ പന്നികളെയോ ഇവിടെ നിന്ന് ലഭിക്കാറില്ലെന്നാണ് കർഷകരുടെ പരാതി. പ്രശ്നം അധികാര തർക്കം 1995 ലാണ് ഫാം ജില്ലാ പഞ്ചായത്തിന് കൈമാറുന്നത്. എന്നാൽ സ്ഥാപനത്തിന്റെ പൊതുവായ വികസന കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാമെന്നല്ലാതെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ ജില്ലാപഞ്ചായത്തിന് അധികാരമില്ലെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിലപാട്. പ്രാദേശികമായി തൊഴിലാളികളെ നേരിട്ടുനിയമിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ നീക്കം മൃഗസംരക്ഷണവകുപ്പ് അനുവദിക്കില്ല. ആവശ്യമുള്ള ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിച്ചാൽ മതിയെന്നാണ് വകുപ്പിന്റെ നിലപാട്. അതേസമയം ഫാമിന്റെ പ്രവർത്തനത്തിൽ ഇടപെടണമെങ്കിൽ തങ്ങൾക്ക് സ്വതന്ത്രാധികാരം വേണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ നിലപാട്.