ചെറുതോണി: മൊറട്ടോറിയത്തിന്റെ കാലാവധി കഴിയുമ്പോഴേയ്ക്കും പട്ടയ വസ്തുക്കളെല്ലാം ബാങ്കുകൾ കൊണ്ടുപോകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി. കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജപ്തി നടപടികൾ നിറുത്തി വയ്ക്കുക,​ അന്യായമായ ഇറക്കുമതി അവസാനിപ്പിക്കുക, കാർഷിക ബില്ല് റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ സമരം നടത്തിയത്. കർഷക ബില്ല് കീറിയെറിഞ്ഞ് കർഷക ബില്ലിനെതിരെയുള്ള പ്രതിഷേധവും നടത്തി. കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ടോമി തെങ്ങുംപള്ളിൽ, സെബാസ്റ്റ്യൻ ജോർജ്, ജോയി വർഗീസ്, കെ.ജെ. സെബാസ്റ്റ്യൻ, ജോയി മൂലേക്കാട്ട്, വിജയകുമാർ മറ്റക്കര, പി.പി. മാത്യു എന്നിവർ പ്രസംഗിച്ചു.