ചെറുതോണി: ഭൂപതിവ് നിയമഭേദഗതി വിശദമായി ചർച്ച ചെയ്യുന്നതിന് 2019 ഡിസംബർ 17ന് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രി അംഗീകരിച്ച ഭേദഗതികൾ 11 മാസമാകാറായിട്ടും നടപ്പാക്കാതിരിക്കുകവഴി കൂടെ നിന്നവരെയും ക്ഷണിച്ചുവരുത്തിയവരെയും ജനങ്ങളെയും ഒരുപോലെ മുഖ്യമന്ത്രി അപമാനിച്ചെന്ന് കേരളാകോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ചെറുതോണിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹസമരത്തിന്റെ 69-ാം ദിവസം അടിമാലി മണ്ഡലം നേതാക്കൾ നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകക്ഷി യോഗത്തിലും നിയമസഭാസമ്മേളനത്തിലും ഭൂപതിവ് നിയമഭേദഗതിക്കായുള്ള തന്റെ നിർദ്ദേശങ്ങളെ പിന്തുണച്ച മന്ത്രി എം.എം. മണിയും റോഷിയുമുൾപ്പെടെയുള്ള എം.എൽ.എമാരെയും ഇപ്പോൾ കാണാനില്ല. സത്യത്തിനും നീതിക്കും വേണ്ടി കേരളാകോൺഗ്രസ് ആരംഭിച്ച സമരം ലക്ഷ്യം നേടുന്നതുവരെ തുടരും. ഡീൻ കുര്യാക്കോസ് എം.പിയും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയും നടത്തുന്ന സമരങ്ങൾക്ക് പാർട്ടിയുടെ പിന്തുണ ഉണ്ട്. റിലേ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 77-ാം ദിവസമായ നവംബർ ഏഴിന് പാർട്ടി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അടിമാലി മണ്ഡലം നേതാക്കൾ നടത്തിയ സമരം ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് സാബു പരവരാകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പട്ടരുമഠം, ജില്ലാ കമ്മറ്റിയംഗം ജിതേഷ്‌പോൾ, മണ്ഡലം സെക്രട്ടറി വർഗീസ് പൊടിമറ്റം, വനിതാകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെസിറോയിച്ചൻ എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ, പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. വിജയൻ, സംസ്ഥാന കമ്മിറ്റിയംഗം ടോമി തൈലംമനാൽ, കാമാക്ഷി മണ്ഡലം പ്രസിഡന്റ് ബെന്നി പുതുപ്പാടി, കെ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ആർ. സജീവ്കുമാർ, നിയോജകമണ്ഡലം കമ്മിറ്റിയംഗം ജിജി തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു. സമാപനയോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം സാജു പട്ടരുമഠം ഉദ്ഘാടനം ചെയ്തു.