കുമളി: പടുത കൊണ്ട് നിർമ്മിച്ച കൂരയിലായിരുന്നു രാജേഷും നിർമ്മലയുമടങ്ങുന്ന കുടംബം താമസിച്ചിരുന്നത്. കൂരയുടെ ചോർച്ച മറയ്ക്കാൻ പടുത വാങ്ങാൻ സഹായം തേടിയാണ് നിർമ്മല കുമളി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കിയ പൊലീസ് 600 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുമായി വീട് നിർമ്മിച്ച് നൽകി. പൊലീസിനെ സഹായിക്കാൻ നാട്ടുകാരും രംഗത്തെത്തി. 2016ൽ സർക്കാർ അനുവദിച്ച നാല് സെന്റ് ഭൂമിയിൽ രണ്ട് മാസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ കുടുംബത്തിന് താക്കോൽ കൈമാറി. വീട് നിർമ്മാണത്തിന് പിന്തുണ നൽകിയ എല്ലാവരെയും യോഗത്തിൽ ആദരിച്ചു. കുമളി എസ്.എച്ച്.ഒ ജോബിൻ ആന്റണി, എസ്.ഐ പ്രശാന്ത്. പി. നായർ എന്നിവർ സംസാരിച്ചു.