തൊടുപുഴ: പിണറായി വിജയന്റെ ഭരണകാലം കള്ളക്കടത്തും അഴിമതിയും മാത്രമല്ല ദളിത് സ്ത്രികൾക്കെതിരെയുള്ള പീഡനങ്ങളിലും മുൻപന്തിയിലാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി. പീഡന കേസുകളുടെ കണക്കെടുത്താൽ കേരളം ഉത്തർപ്രദേശിനെ കവച്ചുവയ്ക്കുകയാണെന്നും യോഗം ആരോപിച്ചു. കാഞ്ചിയാർ നരിയമ്പാറയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തതിലും പ്രാരംഭഘട്ടത്തിൽ കടുത്ത അലംഭാവം കാട്ടിയ പൊലീസ് നടപടിയിലും ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നരിയമ്പാറയിൽ പീഡനത്തിൽ മനംനൊന്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട് മഹിളാ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്റെ അദ്ധ്യക്ഷതയിൽ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ്, നേതാക്കളായ സുനിതാ തങ്കച്ചൻ, രാജമ്മ രാജൻ, ഷൈബി ജിജി. സാലി ബാബു കുഞ്ഞുമോൾ ചാക്കോ, നൈറ്റ്സി കുര്യാക്കോസ് മിനി പ്രിൻസ്, ആൻസി തോമസ്, വത്സമ്മ റ്റീച്ചർ എന്നിവർ പ്രസംഗിച്ചു.