ചെറുതോണി: ജില്ലയിൽ പട്ടയ നടപടികൾ പുരോഗമിക്കുമ്പോൾ ജില്ലാ ആസ്ഥാന മേഖലയിലെ പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് അമ്പതിൽപരം കേസുകളാണ് രജിസ്ട്രർ ചെയ്തത്. ഇതിലേറെയും അതിർത്തി തർക്കവുമായി ബന്ധപ്പെട്ടവയാണ്. പരാതി നൽകിയിരിക്കുന്നവർ കൂടുതലും സ്ത്രീകളാണ്. അതിർത്തി തർക്കങ്ങളുടെ പേരിൽ സർവേ നടപടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തുമ്പോൾ അയൽ വാസികൾ ഏറ്റുമുട്ടുന്നത് പതിവായി. പലപ്പോഴും വാക്കുതർക്കങ്ങൾ ഏറ്റുമുട്ടലുകളിലാണ് അവസാനിക്കുന്നത്. ഇതുമൂലം പലസ്ഥലങ്ങളിലും സർവേ നടപടികൾ പൂർത്തീകരിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ തിരികെ പോയതായി വിവരമുണ്ട്. ഇത്തരം സംഭവങ്ങൾ കാരണം റവന്യൂ ഉദ്യോഗസ്ഥരും യഥാസമയം ജോലി പൂർത്തിയാക്കാനാവാതെ ബുദ്ധിമുട്ടിലാണ്. ഇത്തരം തർക്കങ്ങൾ കൂടുതലായി വരുന്നതുമൂലം പട്ടയ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ സിവിൽ കേസുകൾ ആയതിനാൽ പൊലീസ് സ്റ്റേഷനിൽ പരിഹരിക്കാൻ പറ്റാത്ത സാഹചര്യം ആണുള്ളത്. ഇത് മുൻകൂട്ടി കണ്ട് സ്ത്രീകളെയും മറ്റും അസഭ്യം വിളിച്ചതായും കൈയേറ്റം ചെയ്തതായും മറ്റും വ്യാജപരാതി നൽകുന്ന വിരുതന്മാരുമുണ്ട്. തർക്കങ്ങൾ വരുമ്പോൾ സർവേ നടപടികൾ നിർത്തിവയ്ക്കുകയും തർക്ക ഭൂമിക്ക് പട്ടയം ലഭിക്കാതെ വരികയും ചെയ്യും. വളരെ ചെറിയ അതിർത്തി തർക്കങ്ങളാണ് ഇരുകൂട്ടർക്കും പട്ടയം ലഭിക്കാത്ത വിധത്തിലുള്ള നടപടികളിലേക്ക് എത്തിക്കുന്നത്.