തൊടുപുഴ: മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായിട്ടും ബാലാരിഷ്ടതകൾ മാറിയിട്ടില്ല. കഴിഞ്ഞ വർഷം നവംബർ രണ്ടിനാണ് ഹബ്ബ് നാടിന് സമർപ്പിച്ചത്. മുൻ മന്ത്രി പി.ജെ. ജോസഫിന്റെയും ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും പ്രത്യേക താല്പര്യ പ്രകാരമാണ് മലങ്കര ടൂറിസം പദ്ധതി വിഭവനം ചെയ്തത്. അത്യാധുനിക സംവിധാനങ്ങളോടെ ദുബായ് മോഡൽ എൻട്രൻസ് പ്ലാസ, പക്ഷി സങ്കേതം, വെള്ളം ചുറ്റിക്കിടക്കുന്ന തുരുത്തിൽ കൃത്രിമമായി സജ്ജമാക്കുന്ന വനം, വിസ്തൃതമായ പാർക്ക്, ആന-കുതിര -സൈക്കിൾ സവാരി, പൂന്തോട്ടം, വർണ്ണങ്ങളോടെയുള്ള ലൈറ്റിനിംഗ്, ബോട്ടിങ്ങ് എന്നിങ്ങനെ മലമ്പുഴ മോഡൽ വിപുലമായ പദ്ധതികളോടെയാണ് മലങ്കര ടൂറിസം കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ വിഭാവനം ചെയ്യുന്ന മറ്റ് പദ്ധതികൾ പോലെ ആവുകയാണ് മലങ്കര പദ്ധതിയും.
എൻട്രൻസ് പ്ലാസ നോക്കുകുത്തി
മലങ്കര പദ്ധതിയോട് അനുബന്ധിച്ച് മൂന്ന് കോടി മുടക്കി നിർമ്മിച്ച എൻട്രൻസ് പ്ലാസ ഒരു പാഴ് വേലയായി മാറി. റസ്റ്റോറന്റ്, ടൂറിസം ഇൻഫർമേഷൻ സെന്റർ, അക്വേറിയം, 200 ആളുകൾക്ക് ഇരിക്കാനുള്ള ഓപ്പൺ തിയേറ്റർ എന്നിങ്ങനെ എൻട്രൻസ് പ്ലാസയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 200 ആളുകൾക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്. എൻട്രൻസ് പ്ലാസയ്ക്ക് ചിലവഴിച്ച മൂന്ന് കോടി പദ്ധതിയുടെ മറ്റ് വികസന പ്രവർത്തികൾക്ക് മാറ്റിയിരുന്നെങ്കിൽ കൂടുതൽ പ്രയോജനം ലഭിക്കുമായിരുന്നു.
സൗകര്യം ഇല്ലാത്തത് തിരിച്ചടി
മലങ്കര ഹബ്ബിൽ കുട്ടികളുടെ പാർക്കും അണക്കെട്ട് സന്ദർശനവും മാത്രമേ ഒരുക്കിയിട്ടുള്ളു. മറ്റ് സജ്ജീകരണങ്ങൾ ഇല്ലാത്തത് ഇവിടെ എത്തുന്നവർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. അണക്കെട്ടിലെ വെള്ളം മലിനമാകാത്ത വിധത്തിലുള്ള ബോട്ടിംഗ് ആരംഭിക്കുമെന്ന് ഹബ്ബ് ഉദ്ഘാടനം ചെയ്യവേ കളക്ടർ അറിയിച്ചിരുന്നെങ്കിലും അതെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി. ബോട്ടിംഗ് നടത്തിപ്പിന്റെ ചുമതല മറ്റ് ഏജൻസിക്ക് നൽകിയാൽ ഹബ്ബിന് ചിലവില്ലാതെ പദ്ധതി ആരംഭിക്കാൻ കഴിയും.
ലക്ഷത്തിലേറെ സന്ദർശകർ
കഴിഞ്ഞ നവംബർ മുതൽ നാല് മാസം കൊണ്ട് ഫെസ്റ്റ് ഉൾപ്പെടെ ഹബ്ബിൽ ഒരു ലക്ഷത്തോളം ആളുകൾ എത്തി. പ്രവർത്തനം ആരംഭിച്ച് മാർച്ച് മാസം മുതൽ ഒക്ടോബർ പകുതി വരെ കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഹബ്ബ് അടച്ചിട്ടിരുന്നു.
വകുപ്പുകൾ തമ്മിൽ "ഈഗോ"........
ടൂറിസം,ജലവിഭവം എന്നിങ്ങനെ രണ്ട് വകുപ്പുകളുടെ സംയുക്ത സംരംഭം ആയതിനാൽ നിയന്ത്രണം സംബന്ധിച്ച് ഈഗോ നിലനിൽക്കുന്നതും ഇതിന്റെ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്.