ഇടുക്കി: ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരംഭിച്ച സൈബർ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. കുറ്റാന്വേഷണ മികവിന്റെ കാര്യത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും സാമൂഹിക ഉത്തരവാദിത്വത്തോടെ പെരുമാറുന്ന കാര്യത്തിലും കേരളാ പൊലീസ് ഇന്ന് ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.എം. മണി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 14 സൈബർ പൊലീസ് സ്റ്റേഷനുകൾക്കൊപ്പമാണ് ഇടുക്കിയിലെയും ഉദ്ഘാടനം നിർവഹിച്ചത്. ഒരു സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമാണ് സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ആർ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ജില്ലാ പൊലീസ് മേധാവി വിതരണം ചെയ്തു.