തൊടുപുഴ: വികസനക്കുതിപ്പിൽ വികസനത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ച് സംസ്ഥാന തലത്തിൽ തന്നെ ഏറെ പ്രശംസ നേടിയ ബ്ലോക്ക് പഞ്ചായത്താണ് തൊടുപുഴ. പരിമിതിമായ വികസന ഫണ്ട് പരമാവധി പ്രയോജനപ്പെടുത്തി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും ഈ കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കായി. ഒപ്പം സമാനതകളില്ലാത്ത വികസന കാഴ്ചപ്പാടുകൾക്കും ജനോപകാരപ്രവർത്തനങ്ങൾക്കും ലഭിച്ചത് അംഗീകാരങ്ങളുടെ പെരുമഴയാണ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസനത്തിന്റെ നവീനമായ പദ്ധതികളാണ് വിവിധ പഞ്ചായത്തുകളിൽ എഴുതി ചേർത്തത്. അഴിമതിരഹിതമായ ഭരണത്തിലൂടെ അനുകരണീയമായ മാതൃക പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സിനോജ് എരിച്ചിരിക്കാട്ടി ന് കഴിഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃമികവിലൂടെ ബ്ലോക്ക് പഞ്ചയത്തിന്റെ വേറിട്ട വികസനസ്വപ്നങ്ങൾ പൂവണിയുകയായിരുന്നു. ഈ കാലയളവിൽ അസംഖ്യമായ അംഗീകാരങ്ങളും ബഹുമതിമകളും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്കെത്തി. ജില്ലയിൽ ശുചിത്വ പദവി നേടിയ ഏക ബ്ലോക്ക് പഞ്ചായത്തെന്ന നേട്ടത്തിനൊപ്പം പദ്ധതി നിർവഹണത്തിൽ തുടർച്ചയായ 100 ശതമാനം നേട്ടവും കൈവരിച്ചു. പാലിയേറ്റീവ് പദ്ധതി പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണം, കാർഷിക, വ്യവസായ, തൊഴിൽ രംഗത്തും വേറിട്ട സാന്നിധ്യം ഉറപ്പ് വരുത്താൻ ഭരണസമിതിക്കായി. കൂടാതെ അംഗപരിമിതർക്ക് മുചക്ര വാഹനങ്ങൾ വിതരണം, വൈദ്യുതി ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത, പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, ക്ഷീരകർഷകർക്ക് കാലിതീറ്റ, സ്കൂളുകളിൽ ഷീടോയ്‌ലെറ്റ്, ഫലവൃക്ഷതൈകൾ എന്നിവയും പഞ്ചായത്തിന്റെ നേട്ടങ്ങളായി. പഞ്ചായത്തുകൾ നടപ്പാക്കുന്ന വികസനപദ്ധതികൾക്ക് സാമ്പത്തിക പങ്കാളിത്തം നൽകിയും പൂർത്തീകരണത്തിന് സഹായഹസ്തം ഉറപ്പിച്ചും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഒന്നിച്ച് നിന്നു.
‘വേസ്റ്റ് വെറുതെ വേസ്റ്റ് ആക്കല്ലേ’
വെറുതെ എന്ന് നാം വിചാരിച്ച് വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളിലും മനുഷ്യരുടെ ദൈനദിന ജീവിതത്തിലുള്ള പങ്ക് എന്താണെന്ന പുതിയ ചിന്ത അവതരിപ്പിക്കാൻ ബ്ലോക്ക് ഭരണസമിതിക്കായി. ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ ഹരിതകർമസേന അംഗങ്ങളുടെ സേവനം ഉറപ്പ് വരുത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നിന്ന് അജൈവ, പാഴ് വസ്തുക്കൾ ശേഖരിച്ചു. തുടർന്ന് ഇവ തരം തിരിച്ച് നെടിയശാലയിലെ ആർ.സി.എഫ് വഴി പുനചംക്രമണത്തിന് വിധേയമാക്കും. ബ്ലോക്കിന്റെ സ്വന്തമായ ബെയ്‌ലിങ്, ഷ്രെഡിങ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തി ഈ മാലിന്യങ്ങൾ ബെയ്‌ൽ ചെയ്ത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. അല്ലാത്തവ ഷെഡിങ് യൂണിറ്റിൽ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗപ്പെടുത്തുന്ന നൂതന ആശയവും സമൂഹത്തിന് പരിചയപ്പെടുത്തി. ഇതിനോടകം 15000കിലോഗ്രാം പ്ലാസ്റ്റിക് പൊടിച്ച് 15 കിലോമീറ്റർ റോഡ് ടാറിംഗ് പ്രവർത്തങ്ങൾക്ക് ഉപയോഗിച്ചു. കൂടാതെ 15000 കിലോഗ്രാം പ്ലാസ്റ്റിക് ശേഖരിക്കാനുമായി. കൂടാതെ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്ന പദ്ധതിയും ഈ വർഷം തുടക്കം കുറിക്കും.
"അവാർഡുകളും അംഗീകാരങ്ങളും"
ഐ.എസ്.ഒ അംഗീകാരത്തിനൊപ്പം നിരവധി സർക്കാർ അവർഡുകളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനക്ഷമതയ്ക്ക് അംഗീകാരമായി അഞ്ചു വർഷങ്ങൾ കൊണ്ട് തൊടുപുഴയിലെ ബ്ലോക്ക് ആസ്ഥാനത്തേക്കെത്തിയത്. അത്യാധുനിക ഓഫീസ് സമുച്ചയം പടുത്തുയർത്തി സമ്പൂർണ ഗുണമേന്മ നടപ്പാക്കിയതതോടെയാണ് ഐ.എസ്.ഒ അംഗീകാരത്തിന് അർഹമായത്. പഞ്ചായത്ത് ഓഫീസിൽ എത്തുന്ന ഉപഭോക്താക്കൾക്ക് കാലത്തമാസം കൂടാതെ സേവനം ഉറപ്പ് വരുത്തിയും, ഫയലുകളും, രജിസ്റ്ററും ഒരു കുടക്കീഴിലാക്കി ഇടപാടുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് പൂർണമായി സജ്ജീകരിച്ചു.
സേവനങ്ങൾക്ക് ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഇരിപ്പിടവും കുടിവെള്ളവും ഉറപ്പുവരുത്തി. അത്യാധുനിക സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത നൂറു ശതമാനത്തിലേക്കെത്തിയതോടെയാണ് അന്താരാഷ്ട്ര ഗുണമേന്മ അംഗീകാരമായ ഐ.എസ്.ഒയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പര്യാപ്തമായത്. പദ്ധതി നിർവഹണം 100 ശതമാനം എത്തിയതിനും നൂതന പദ്ധതികൾ നടപ്പിലാക്കിയതിനും സംസ്ഥാന സർക്കാരിന്റെ അവാർഡിനും മുഖ്യമന്ത്രിയുടെ ഹരിത അവാർഡിനും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് കീഴിൽ അർഹരായി. കൂടാതെ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള 2020ലെ പ്രതിഭാ പുരസ്കാരത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അർഹനായി.
മുണ്ടൻമലയുടെ സാധ്യതകളെ ടൂറിസം കേന്ദ്രമാക്കി
മണക്കാട് പഞ്ചായത്തിലെ മുണ്ടൻമലയുടെ ടൂറിസം സാധ്യതകൾക്ക് പുതിയ ചിറകുകൾ ഒരുക്കിയിരിക്കുകയാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. പ്രഭാതമുണരുന്നതിന്റെ മനോഹര കാഴ്ചയ്ക്ക് മുണ്ടൻമല ആതിഥേയമരുളാൻ തുടങ്ങിയതോടെ പ്രഭാത സൂര്യന്റെ വരവ് കാണാൻ കൂടുതൽ ആളുകൾ ഒഴുകിയെത്തി. അതോടെ ഈ മുണ്ടൻമല എന്ന സ്ഥലത്തിന്റെ ടൂറിസം സാധ്യതകളെ ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയെങ്കിലും ഇവിടെ തിങ്ങി കൂടുന്ന സഞ്ചാരികൾക്ക് പരിമിത സൗകര്യ മാത്രമേയുള്ളൂ എന്ന പ്രതിസന്ധിയുണ്ടായിരുന്നു. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് 14 ലക്ഷം രൂപ മുതൽമുടക്കിൽ ഉദയസൂര്യൻ ദൃശ്യമാകാൻ പവലിയൻ പണികഴിപ്പിച്ചു. അതോടൊപ്പം ആകാശദൃശ്യങ്ങൾ കൂടുതൽ വ്യക്തമാകാൻ ബൈനോക്കുലർ സംവിധാനവും പവലിയനിൽ ഉൾപ്പെടുത്തി. ഇതോടെ നൂറു കണക്കിന് സഞ്ചാര പ്രേമികളുടെ ഒഴുക്കിന് മണക്കാട് പഞ്ചായത്തിലെ മുണ്ടൻമല വേദിയാകുകയാണ്. അതോടൊപ്പം അനന്തമായ ടൂറിസത്തിന്റെ പുതിയ സാധ്യതകൾ കൂടെ തെളിയുന്നു. വികസന നേട്ടങ്ങളും അംഗീകാരങ്ങളും അഴിമതി രഹിതവും ജനകീയവുമായ ഭരണസമിതിക്ക് ജനഹൃദയങ്ങളിലും വലിയ സ്വീകാര്യത നേടുവാൻ സാധിച്ചു.