മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരിതബാധിതരിലെ അവശേഷിച്ച എട്ട് കുടുംബങ്ങൾക്ക് സർക്കാർ കുറ്റിയാർവാലിയിൽ ഭൂമി വിതരണം ചെയ്തു. പട്ടയം വിതരണവും വീടു നിർമാണത്തിനുള്ള കല്ലിടൽ മന്ത്രി എം.എം. മണി നിർവഹിച്ചു. മനുഷ്യ സാധ്യമായതെല്ലാം സർക്കാർ പെട്ടിമുടി ദുരന്ത രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീടു വെച്ചുകൊടുക്കാൻ വേണ്ട സഹായം കണ്ണൻ ദേവൻ കമ്പനി നൽകാമെന്ന് ഏറ്റിട്ടുണ്ട്. നഷ്ട പരിഹാരം നൽകാൻ അനന്തരാവകാശികളെ നിശ്ചയിക്കേണ്ടതുണ്ട്. നടപടി ക്രമം നവംബറോടെ പൂർത്തിയാക്കി ഫണ്ട് കൈമാറുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു.
ശരണ്യ അന്നലക്ഷ്മി, സരസ്വതിസീതാലക്ഷ്മി, പ്രഭുവിന്റെ ഭാര്യ പളനിയമ്മ, ഹേമലത ഗോപിക, ഷൺമുഖയ്യയുടെ ഭാര്യ കറുപ്പായി, മുരുകേശൻ ഭാര്യ മുരുകേശ്വരിയും മകൻ ഗണേഷും, പാൽപാണ്ടിയുടെ ഭാര്യ മലയമ്മാളും മകൻ കാർത്തിക്കും, മകൾ പ്രവീണയും കൊച്ചുമകൻ ജിഗ്‌നേഷ് എന്നിവർക്കാണ് പട്ടയം നൽകിയത്. എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.എച്ച്.പി കമ്പനി മാനേജിങ് ഡയറക്ടർ കെ. മാത്യു എബ്രാഹം മുഖ്യാതിഥിയായി. ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. ദേവികുളം തഹസീർദാർ ജിജി എം. കുന്നപ്പള്ളിൽ നന്ദിയും പറഞ്ഞു.