ചെറുതോണി : വാഴത്തോപ്പ് ഗവ.എൽ പി സ്‌കൂളിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പദ്ധതി ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചു. ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ കുറവ് പരിഹരിക്കപ്പെടും.
1964 ൽ പ്രവർത്തനമാരംഭിച്ച സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങൾ ഇപ്പോൾ കാലപ്പഴക്കം മൂലം ഉപയോഗ ശൂന്യമാണ്. പഴയകെട്ടിടം പൊളിച്ചുമാറ്റുന്നതോടെ സ്‌കൂളിന്റെ മുൻവശത്ത് കുട്ടികൾക്ക് കളിസ്ഥലവും ലഭ്യമാകും. ആറ് ക്ലാസ്സ് മുറികളും ഓഫീസും സ്റ്റാഫ്രൂമും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും. ഭിന്നശേഷി കുട്ടികളെക്കൂടി പരിഗണിച്ചായിരിക്കും ക്ലാസ്സ് മുറികളുടെ നിർമ്മാണം. കൈറ്റിൽ നിന്നും ലഭിച്ച ഹൈടെക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതോടെ എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക് ആയിമാറും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബുധനാഴ്ച 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി ഡോ. തോമസ്സ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി എം എം മണി, അഡ്വ.ഡീൻകുര്യാക്കോസ് എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവർ മുഖ്യ അതിഥികളായിരിക്കും. റോഷി അഗസ്റ്റിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി എം മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, വിദ്യാഭ്യാസ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സ്‌കൂളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൊവിഡ് 19 മാനദണ്ഡമനുസരിച്ച് പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിച്ച് ഉദ്ഘാടന ചടങ്ങുകൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.