ചെറുതോണി: കേന്ദ്രസർക്കാരിന്റെ വയോജനങ്ങളോടുള്ള അവഗണനയ്‌ക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെറുതോണി പോസ്റ്റാഫീസിന് മുമ്പിൽ വ്യാഴാഴ്ച്ച വയോജനങ്ങൾ പ്രതിഷേധധർണ്ണ നടത്തും. സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ആഫീസുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും മുമ്പിൽ നടക്കുന്ന ധർണ്ണ ചെറുതോണിയിൽ പ്രൊഫ: ഡോ. ഡൊമിനിക് വി.എ. ഉദ്ഘാടനം ചെയ്യും.
58 കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും 60 കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനും വർഷങ്ങളായി നിലവിലുള്ള റെയിൽ യാത്രാക്കൂലി ഇളവ് കൊവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. ഈ നടപടിയിൽ പ്രതിഷേധിച്ചും വെട്ടിക്കുറച്ച റെയിൽ യാത്രാക്കൂലി ഇളവ് വയോജനങ്ങൾക്ക് പുന:സ്ഥാപിക്കണമെന്നുമാണ് ആവശ്യപ്പെടുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ.ജനാർദ്ദനനും, സെക്രട്ടറി എം.ജെ.ശശിധരനും അറിയിച്ചു.