തൊടുപുഴ : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം വ്യാപാരികൾ ഇന്ന് രാവിലെ 10 മുതൽ 12 വരെ പ്രതിഷേധ സമരം നടത്തും. ജി.എസ്.ടി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തലാക്കുക, പ്രളയ സെസ് നിർത്തലാക്കുക, കൊവിഡിന്റെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, മൊറൊട്ടോറിയം കാലത്തെ ബാങ്ക് പലിശയും പിഴപലിശയും ഒഴിവാക്കുക, മൈക്രോ കണ്ടയിൻമെന്റ് രീതി നടപ്പാക്കുക തുടങ്ങിയ പതിനൊന്നിന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരിടത്ത് അഞ്ച് പേർ മാത്രമായിരിക്കും സമരത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴ ബ്ളോക്കിലെ 12 യൂണിറ്റുകളിൽ ധർണ്ണ നടത്തുമെന്ന് ബ്ളോക്ക് പ്രസിഡന്റ് എൻ.വി ചാക്കോ, ജനറൽ സെക്രട്ടറി ആർ. രമേശ് എന്നിവർ അറിയിച്ചു.