കുമാരമംഗലം: തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂതനമായ പല പദ്ധതികളും സൃഷ്ടിക്കുകയാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് കലൂരിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഗ്രാമ ചന്തയ് ക്കായുള്ള കെട്ടിടത്തിന്റെ നിർമ്മാണം തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന തൊടുപുഴ മേഖലയിലെ ആദ്യത്തെ കെട്ടിടമാണിത്. ഒൻപത് ലക്ഷം രൂപയാണ് നിർമ്മാണചെലവ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ റോഡ് കോൺക്രീറ്റ്, കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, എം.സി.എഫ്., ഫാം പോണ്ട് തുടങ്ങിയ ഒട്ടേറെ പദ്ധതികളുടെ നിർമ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഗ്രാമചന്തയുടെ നിർമ്മാണ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ് സിനോജ് എരിച്ചിരിക്കാട്ട് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് ലന്റൊ സിബിൻ, വാർഡ് മെമ്പർ ഡെന്നി ഫ്രാൻസിസ്, എ.ഇ. അഞ്ജലി ഹരിലാൽ, ഓവർസിയർ രേഖശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.