തൊടുപുഴ: കുട്ടികൾ ഓൺലൈനിൻ പഠിക്കുന്നത് ഇതുവരെ രക്ഷിതാക്കൾ നോക്കിക്കാണുകയായിരുന്നെങ്കിൽ ഇപ്പോൾ അവരെയും സഹകരിപ്പിക്കുകയാണ് സ്കൂൾ ,കോളേജ് അധികൃതർ. സാധാരണ എല്ലാവർക്കും പൊതുവായി ഒരു പി. ടി. എ മീറ്റിംഗാണെങ്കിൽ ക്ളാസ് തിരിച്ച് മീറ്റിംഗാണ് ഓൺലൈനിലൂടെ നടക്കുന്നത്. കുട്ടികൾക്ക് അദ്ധ്യയനവുമായി ബന്ധപ്പെട്ടാണെങ്കിൽ രക്ഷകർത്താക്കൾക്ക് പി. ടി. എ മീറ്റിംഗിലൂടെയാണ് പുതിയ സമ്പ്രദായങ്ങളോട് പൊരുത്തപ്പെടാൻ അവസരം ലഭിക്കുന്നത്. കോളേജ് തലത്തിൽ പി. ടി. എ മീറ്റിംഗുകൾ ഇപ്പോൾ നടന്നു വരുന്നുണ്ട്. എല്ലാം ഗൂഗിൾ മീറ്റുവഴി. സാധാരണ നടക്കുന്ന അദ്ധ്യാപക രക്ഷകതൃ മീറ്റിംഗിന്റെ പതിവ് ചിട്ടവട്ടങ്ങൾ ഒന്നും തെറ്റിക്കുന്നില്ല. കോളേജിൽ പോകാതെ വീട്ടിലിരുന്ന് മീറ്റിംഗിൽ പങ്ക് കൊള്ളാം. പല രക്ഷിതാക്കൾക്കും മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മക്കൾ പരിശീലനവും നൽകി.

പത്താം ക്ളാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പല സ്കൂളിലും പലവട്ടം പി. ടി. എ മീറ്റിംഗ് നടത്തി. പൊതുപരീക്ഷയെ ആദ്യം അഭിമുഖീകരിക്കുന്ന പത്താംക്ളാസുകാർക്ക് മാനസിക സമ്മർദം സാധാരണ നിലയിൽത്തന്നെ ഏറും. അതിനാൽ രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്ന നിലപാടിന്റെ ഭാഗമായാണ് പലവട്ടം പി. ടി. എ മീറ്റിംഗ് നടത്തുന്നത്. രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകാനും പരമാവധി സമയം നൽകുന്നുണ്ട്. ഓൺലൈൻ ക്ളാസുകൾക്കൊപ്പം സാധാരണ പോലെ നോട്ടുബുക്കിൽ എഴുതുന്നത് സ്കൂളിൽ എത്തിക്കുന്നതിന് രക്ഷിതാക്കളെ പല സ്കൂൾ അധികൃതരും ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളെ മക്കളുടെ പഠനകാര്യത്തിൽ സജീവമായി ഇടപെടുത്തുന്നതിനൊപ്പം ഫീസ് കാര്യത്തിൽ കൂടി സഹകരിപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്.