samaram
കേരള വ്യാപാരി വ്യാപാരി ഏകോപന സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം തൊടുപുഴയിൽ സിവിൽ സ്റ്റേഷന് മുൻവശം നടന്ന പ്രതിഷേധ സമരം

തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴയിലെ വിവിധയിടങ്ങളിൽ പ്രതിഷേധസമരം നടത്തി. സിവിൽ സ്റ്റേഷന് മുൻവശം നടന്ന സമരം പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാസർ സൈര, മുൻ പ്രസിഡന്റ് ജെയിൻ. എം. ജോസഫ്, വനിതാ വിംഗ് പ്രസിഡന്റ് ജോളി, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, ട്രഷറർ പി.ജി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് മേഖലയിൽ സംസ്ഥാന കമ്മിറ്റിയംഗം ജോസ് വഴുതനപള്ളി, ഗാന്ധിസ്‌ക്വയറിൽ മുൻ പ്രസിഡന്റ് വേണു ഇ.എ.പി, ടെലിഫോൺ എക്സ്‌ചേഞ്ച് കവലയിൽ മുൻ പ്രസിഡന്റ് ആർ. രമേശ്, എവർഷൈൻ ജംഗ്ഷനിൽ മുൻ പ്രസിഡന്റ് ടി.എൻ. പ്രസന്നകുമാർ മങ്ങാട്ടുകവലയിൽ വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, കാരിക്കോട് ജംഗ്ഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ എസ്. മുഹമ്മദ് എന്നിവർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കിതരിക,​ ഡി & ഒ ലൈസൻസുകളിലെ അമിതപിഴ ഒഴിവാക്കുക,​ കണ്ടയിൻമെന്റ് സോൺ നടപ്പാക്കുന്ന രീതി മാറ്റുക,​ വാടക നിയന്ത്രണ നിയമം നടപ്പാക്കുക,​ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി ഉദ്യോഗസ്ഥരുടെ വ്യാപാര ദ്രോഹനടപടികൾ അവസാനിപ്പിക്കുക,​ പ്രളയ സെസ് ഒഴിവാക്കുക,​ ജി.എസ്.ടിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് ഒഴിവാക്കുക,​ വഴിയോര കച്ചവടങ്ങൾ നിറുത്തലാക്കുക,​ 60 വയസ് കഴിഞ്ഞ വ്യാപരികൾക്ക് 10,​000 രൂപ പെൻഷൻ അനുവദിക്കുക,​ വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഈ ആവശ്യങ്ങളിൽ സർക്കാരിന്റെ അടിയന്തര നടപടി വേണമെന്ന് പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ അതിശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എൻ.പി. ചാക്കോ പറഞ്ഞു. വരുന്ന തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വ്യാപാരികളായ അംഗങ്ങളെ രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാർ, യൂത്ത്‌വിംഗ് ഭാരവാഹികൾ, വനിതാവിംഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ, അജീവ്, ജോസ് എവർഷൈൻ, ഹരി അമ്പാടി എന്നിവർ നേതൃത്വം നൽകി.