ചെറുതോണി: കേരള ജനതയുടെ മുമ്പിൽ അന്തസോടെ ആത്മാഭിമാനത്തോടെ മുന്നോട്ടു പോകുവാൻ സി.പി.എം ആഗ്രഹിക്കുന്നെങ്കിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയനും പാർട്ടി സെക്രട്ടറി സ്ഥാനം കൊടിയേരി ബാലകൃഷ്ണനും രാജിവയ്ക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം എം. മോനിച്ചൻ ആവശ്യപ്പെട്ടു. ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 71-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയപ്രശ്നങ്ങൾക്കുവേണ്ടി നടത്തുന്ന സമരങ്ങളെ സർക്കാർ ഒതുക്കുകയാണ്. ഭൂപതിവ് നിയമങ്ങൾ കാലാനുസൃതമായി എത്രയുംവേഗം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ജിസ് ജെയിംസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വെള്ളിയാമറ്റം മണ്ഡലം സെക്രട്ടറി സജി കോര, യൂത്ത്ഫ്രണ്ട് കുടയത്തൂർ മണ്ഡലം പ്രസിഡന്റ് ഷൈജു കൊച്ചുപ്ലാത്തോട്ടം എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. പ്രൊഫ. എം.ജെ. ജേക്കബ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജോയി കൊച്ചുകരോട്ട്, വർഗീസ് വെട്ടിയാങ്കൽ, സിനു വാലുമ്മേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി സാബു, ഡി.സി.സി മെമ്പർ രാജു ഓടയ്ക്കൽ എന്നിവർ സംസാരിച്ചു.