പീരുമേട്: സർക്കാർ കരാറുകാരനായ പീരുമേട് അപ്സരയിൽ സൈജുലാലിന്റെ കളഞ്ഞുപോയ ബാഗ് തിരികെ ഏൽപ്പിച്ച ജി. രഘുവിനെ പീരുമേട് നിവാസികൾ ആദരിച്ചു. കഴിഞ്ഞ ദിവസം പീരുമേട് കോടതിപ്പടിയിൽ, സലഫി മസ്ജിദിന് സമീപത്ത് വച്ചാണ് ഒന്നര ലക്ഷം രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ജെ.ടി.എം കമ്പനി ടിപ്പർ ഡ്രൈവറായ കാർത്തികപ്പള്ളി പുതുക്കുണ്ടംമുറിയിൽ ജി. രഘുവിന് (45) ഇത് റോഡിൽ കിടന്ന് കിട്ടി. രഘു പരിചയമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് ഉടമയെ കണ്ടെത്തുകയായിരുന്നു. ആദരിക്കൽ ചടങ്ങിൽ ഗിന്നസ് മാടസ്വാമി, സുനിൽ ജോസഫ്, ടി. എം. ആസാദ്, ലാലു പ്രസാദ്, രാജീവ് കൊല്ലേലിൽ, വിനീഷ് വിജയൻ, സൈജുലാൽ എന്നിവർ പങ്കെടുത്തു.