ഇടുക്കി: ജില്ലയിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം വീണ്ടും സാക്ഷാത്കരിച്ച് ആറാമത് പട്ടയമേള ഇന്ന് കഞ്ഞിക്കുഴിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കരിമണ്ണൂർ ഭൂമിപതിവ് ഓഫീസിലെ പ്രവർത്തന പരിധിയിലുള്ള വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം, നെയ്യശ്ശേരി വില്ലേജുകളിൽ ആദിവാസി സെറ്റിൽമെന്റുകളിലെ പട്ടികവർഗ പട്ടികജാതി വിഭാഗക്കാരുൾപ്പെടെയുള്ള 15,000 ലധികം കുടുംബങ്ങൾക്ക് നിയമപരമായ തടസങ്ങൾ നീക്കി പ്രത്യേക സർക്കാർ ഉത്തരവിലൂടെ പട്ടയം നൽകും. കഞ്ഞിക്കുഴി, ഇടുക്കി, വാഴത്തോപ്പ് പ്രദേശങ്ങളിലെ 8,500 കൈവശക്കാർക്ക് പട്ടയം നൽകുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനവും പട്ടയവിതരണവും നടത്തും. കൂടാതെ വിവിധ ഭൂമിപതിവ് ആഫീസുകളിൽ നിന്ന് തയ്യാറായിട്ടുള്ളത് ഉൾപ്പെടെ 2000 പട്ടയങ്ങൾ നവംബർ നാലിന് വിതരണം ചെയ്യും. നാലിന് രാവിലെ 11ന് കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ ചേരുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. വൈദ്യുതി മന്ത്രി എം.എം. മണി പട്ടയ വിതരണം നിർവഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജോയ്സ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.