കട്ടപ്പന: നഗരസഭയുടെ ഇരുപതേക്കറിലെ പൊതുശ്മശാനമായ ശാന്തിതീരത്ത് പച്ചത്തുരുത്ത് ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. തരിശുകിടന്നിരുന്ന ശാന്തിതീരം കോമ്പൗണ്ടിൽ ഹൈന്ദവ വിശ്വാസ പ്രകാരം ജന്മനക്ഷത്രങ്ങൾക്ക് അനുയോജ്യമായ വൃക്ഷത്തൈകളും സസ്യങ്ങളും നട്ടുവളർത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. 27 ജന്മനക്ഷത്രങ്ങൾക്കും അനുയോജ്യമായ വൃക്ഷത്തൈകളാണ് നട്ടുവളർത്തുന്നത്. കാഞ്ഞിരം, നെല്ലി, അത്തി, ഞാവൽ, അരയാൽ, നാഗമരം, തേന്മാവ്, കരിമ്പന, നീർമരുത്, കൂവളം തുടങ്ങിയ അപൂർവ സസ്യങ്ങൾ ഉൾപ്പെടെയാണിവ. കൂടാതെ മിച്ചമുള്ള സ്ഥലത്ത് ഫലവൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും നട്ടുവളർത്താനാണ് നഗരസഭ ആരോഗ്യവിഭാഗം തീരുമാനിച്ചിട്ടുള്ളത്. നഗരസഭാ കൗൺസിലർ സണ്ണി കോലോത്ത് വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർ ഗിരീഷ് മാലിയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്ലി. പി. ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി. മേരി, വിനേഷ് ജേക്കബ്ബ്, ബിബിൻ തോമസ് എന്നിവർ പങ്കെടുത്തു.