തൊടുപുഴ: സഹകരണ മേഖലയിലേക്കുള്ള ആർ.ബി.ഐയുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്‌പെക്‌ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു. 2020ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുടെ മറവിൽ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം, പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ പേരിനൊപ്പം ഉപയോഗിച്ചു വന്നിരുന്ന 'ബാങ്ക് ' എന്ന പദം ഒഴിവാക്കണമെന്ന ആർ.ബി.ഐയുടെ നിർദ്ദേശം സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കും. സഹകരണ സ്ഥാപനങ്ങളിൽ സഹകരണ വകുപ്പ് നിലവിൽ നടത്തുന്ന ഓഡിറ്റ് ഒഴിവാക്കുന്നതിനുള്ള നീക്കം അഴിമതിക്കും ക്രമക്കേടുകൾക്കും വഴിവെയ്ക്കും. 2020 ലെ ബാങ്കിംഗ് നിയന്ത്രണനിയമഭേദഗതിയെ സംബന്ധിച്ച് നടന്ന വെബിനാർ സംസ്ഥാന പ്രസിഡന്റ് സി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. ജോയിന്റ് രജിസ്ട്രാർ കെ.ആർ. രാജേഷ്‌കുമാർ പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി യു.എം. ഷാജി മോഡറേറ്ററായ വെബിനാറിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ.ടി. മാത്യു, ജനറൽ സെക്രട്ടറി എം. രാജേഷ് കുമാർ, സംസ്ഥാന ട്രഷറർ പി.കെ. ജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജിറ്റ്സി ജോർജ്ജ്, സംസ്ഥാന സെക്രട്ടറി പ്രിയേഷ് സി.പി, മുൻ സംസ്ഥാന സെക്രട്ടറി കെ.കെ. അനിൽ, സംസ്ഥാന കമ്മിറ്റിയംഗം മൈക്കിൾ ഫ്രാൻസീസ്, ജില്ലാ പ്രസിഡന്റ് ടി.കെ. നിസാർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.ബി. റഫീഖ് നന്ദി പറഞ്ഞു.