തൊടുപുഴ : പഞ്ചായത്ത് തലത്തിൽ സ്‌കൂൾ ലാബുകളോടനുബന്ധിച്ച് ജലത്തിന്റെ ഗുണ നിലവാര പരിശോധനാ ലാബുകൾ ആരംഭിക്കുന്നതിന് മന്നോടിയായി ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഐ.ഡി.സി)നടപടികളാരംഭിച്ചു.വിവിധ സ്‌കൂളുകളിലെ ലാബുകളിൽ ജല പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് ജോലികൾക്ക് തുടക്കമിട്ടു.ഈ ജോലികൾ നിർവ്വഹിക്കുന്നതിനായി പ്രോജക്ട് എൻജിനീയർ എ കെ വിശാഖിനെ കെ.എസ്.ഐ.ഐ.ഡി.സി നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹരിതകേരളം ടീം ആറ് സ്‌കൂളുകളിൽ ഇന്നലെ എസ്റ്റിമേറ്റ് പൂർത്തിയാക്കിയത്.
ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായാണ് എംഎൽഎ മാരുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക ഉപയോഗിച്ച് പഞ്ചായത്തുകളിലെ ഒരു ഹയർസെക്കന്ററി സ്‌കൂളിൽ ജല പരിശോധനയ്ക്ക് സംവിധാനമൊരുങ്ങുന്നത്.39 പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ ലാബ് തുറക്കുക.
ഇരട്ടയാർ പഞ്ചായത്തിലെ സെന്റ് തോമസ് എച്ച്.എസ്.എസ്, കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്എസ്, അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂൾ, ഏലപ്പാറ വാഗമൺ ഗവ.എച്ച് .എസ്.എസ്., ഉപ്പുതറ ചീന്തലാർ സെന്റ് ആന്റണീസ് എന്നീ സ്‌കൂളുകളിലെ പരിശോധനയാണ് പൂർത്തിയാക്കിയത്.ഇന്ന് കുമളി ഗവ.ഹയർസെക്കന്ററി സ്‌കൂൾ ,പാമ്പനാർ ഗവ.ഹയർസെക്കന്ററി സ്‌കൂൾ,വണ്ടിപ്പെരിയാർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ,പെരുവന്താനം സെന്റ് ജോസഫ്‌സ് ഹയർസെക്കന്ററി സ്‌കൂൾ,കൊക്കയാർ കറ്റിപ്ലാങ്ങാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ,ചക്കുപള്ളം അണക്കര ഗവ.ഹയർ സെക്കന്ററി സ്‌കൂൾ,വണ്ടന്മേട് പുറ്റടി എൻ.എസ്.പി.എച്ച് എസ്എസ് എന്നിവിടങ്ങളിലാണ് പരിശോധനയ്‌ക്കെത്തുക.
ഹരിതകേരളം ആർ.പി മാരായ എം പി ശശികുമാർ, കെ ജി അരുൺകുമാർ എന്നിവരും പ്രോജക്ട് എൻജിനീയർക്കൊപ്പമുണ്ട്.
ലാബിലെ സജീകരണം
വെള്ളത്തിന്റെ നിറം, ഗന്ധം,പിഎച്ച് മൂല്യം,ലവണ സാന്നിധ്യം,ലയിച്ചു ചേർന്ന ഖരപദാർഥത്തിന്റെ അളവ്,നൈട്രേറ്റിന്റെ അളവ്,അമോണിയ,കോളിഫോം എന്നീ ഘടകങ്ങൾ ബിഐഎസ് നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് സ്‌കൂൾ ലാബിനോടനുബന്ധിച്ച് ഒരുക്കുക.