ചെറുതോണി : റോഡ് അറ്റകുറ്റപ്പണി ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഇനിയും പ്രാവർത്തികമായില്ല, കൊച്ചു കരിമ്പൻ സി.എസ്.ഐ.കുന്നു റോഡിൽ അപകടം നിത്യസംഭവമായി മാറി. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞെങ്കിലും യാത്രക്കാർ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡ് ടാർചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരന്തര പ്രക്ഷോഭം നടത്തിയതിനെത്തുടർന്ന് റോഡ് ആരംഭിക്കുന്ന സ്‌കൂൾപടി ഭാഗവും സി.എസ്.ഐ പള്ളി ഭാഗവും മാത്രം ടാറിംഗ് നടത്തി ബാക്കി ഭാഗം പൂർത്തിയാക്കാതെ ഇട്ടിരിക്കുകയാണ്. റോഡിന്റെ മദ്ധ്യഭാഗം ഒന്നര കിലോമീറ്റർ ദൂരം എട്ടു മീറ്റർ വീതിയിൽ മണ്ണിട്ടശേഷം അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല ഇതിനിടയിൽ നാട്ടുകാർ എതിർത്തിട്ടും കുറച്ചു ഭാഗം മാത്രം കോൺക്രീറ്റു ചെയ്തു. അശാസ്ത്രീയമായി കോൺക്രീറ്റു ചെയതതുമൂലം ഇവിടെ അപകടം തുടർക്കഥയാണ്. ബാക്കി ഭാഗമെങ്കിലും കോൺക്രീറ്റൊഴിവാക്കി ടാർ ചെയ്തു തരണമെന്നാവാശ്യപ്പെട്ട് ഗുണ ഭോക്താക്കളായ നൂറിലധികം കുടുംബങ്ങൾ ഒപ്പിട്ട നിവേദനം കലക്ടർക്കും എം.പി.ക്കും മരിയാപുരം പഞ്ചായത്തു സെക്രട്ടറിക്കും നേരിട്ടു നൽകി .പരാതി കിട്ടിയതിനെത്തുടർന്ന് എം.പി സ്ഥലത്തെത്തി റോഡ് നേരിൽക്കണ്ട് ഫണ്ട് അനുവദിക്കാമെന്ന് നൽകിയ ഉറപ്പിൽ പ്രതിക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.