ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജനറൽ വിഭാഗത്തിന്
കട്ടപ്പന നഗരസഭ അദ്ധ്യക്ഷസ്ഥാനം വനിതയ്ക്ക്, തൊടുപുഴ ജനറൽ
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആക്കം കൂട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെഅദ്ധ്യക്ഷരുടെ സംവരണ സ്ഥാനങ്ങൾ നിശ്ചയിച്ചു. ഇതോടെ മുന്നണികളിൽ തിരഞ്ഞെപ്പ് സീറ്റ് ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും.
തിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇതുവരെ മനസ്തുറക്കാതിരുന്ന പല പ്രാദേശിക നേതാക്കളും നയം വ്യക്തമാക്കിത്തുടങ്ങി.
നിലവിൽ വനിതാ സംവരണമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഈ പ്രാവശ്യം ജനറൽ വിഭാഗത്തിനാണ്. കട്ടപ്പന മുനിസിപ്പൽ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമായി. വനിതാ സംവരണമായിരുന്ന തൊടുപുഴ മുൻസിപ്പാലിറ്റി അദ്ധ്യക്ഷ സ്ഥാനം ജനറലുമായി.
ദേവികുളം, ഇടുക്കി, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമാണ്. നെടുങ്കണ്ടം ബ്ളോക്ക് പട്ടികജാതി വിഭാഗത്തിനും, അടിമാലി ബ്ളോക്ക് പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, മറയൂർ, ദേവികുളം, ഇടമലക്കുടി, സേനാപതി, കരുണാപുരം, നെടുങ്കണ്ടം, രാജകുമാരി, ആലക്കോട്, കരിമണ്ണൂർ, വാത്തിക്കുടി, കാമാക്ഷി, അയ്യപ്പൻകോവിൽ, കുമാരമംഗലം, മുട്ടം, ഇടവെട്ടി, പെരുവന്താനം, കുമളി, കൊക്കയാർ, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നീ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനം സ്ത്രികൾക്ക് സംവരണം ചെയ്തിരിക്കുന്നു. മാങ്കുളം പട്ടികവർഗ്ഗ സ്ത്രീയും ഉപ്പുതറ പട്ടികവർഗ്ഗ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. വണ്ണപ്പുറം, അറക്കുളം, കാഞ്ചിയാർ എന്നിവിടങ്ങളിൽ പട്ടികജാതി വിഭാഗത്തിൽ നിന്നായിരിക്കും പ്രസിഡന്റ്.മൂന്നാർ, വട്ടവട എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സ്ത്രിക്ക് സംവരണം ചെയ്തിരിക്കുന്നു
ചിത്രം വ്യക്തമായി
ചിലർ നിരാശയിലും ചിലർ ആവേശത്തിലുമാണ്.അദ്ധ്യക്ഷസ്ഥാനം വനിതകയ്ക്കായത്തോടെ പല മുതിർന്ന പുരുഷ നേതാക്കളും മത്സരരംഗത്ത് നിന്നും പിൻവാങ്ങിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ അദ്ധ്യക്ഷ സ്ഥാനം പട്ടിക ജാതി ജനറൽ, പട്ടിക ജാതി വനിത, പട്ടിക വർഗ ജനറൽ, പട്ടികവർഗ വനിത വിഭാഗങ്ങൾക്കായിരുന്നത് ഇത്തവണ ജനറൽ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നയിടങ്ങളിൽ അടിമാലി പോലെ ചില പഞ്ചായത്തുകൾ വനിതാസംവരണമായി. ഇത് ഇവടങ്ങളിലെ പല നേതാക്കൾക്കും കനത്ത ആഘാതമായി.