farm

തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോലാനി കോഴി- പന്നി വളർത്തൽ കേന്ദ്രത്തിൽ വീണ്ടും മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുള്ള ബ്രൂസില്ല രോഗബാധ സ്ഥിരീകരിച്ചു. ഫാമിലെ മൂന്ന് പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇവയെ മറ്റ് പന്നികളിൽ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാക്കി. അന്തിമപരിശോധനാ ഫലം കൂടി വന്ന ശേഷം രോഗം ബാധിച്ച പന്നികളെ കൊന്ന് കുഴിച്ചു മൂടും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി ഫാമിൽ രോഗബാധ കണ്ടെത്തുന്നത്. തുടർന്ന് ഫാമിലെ 20 പന്നികളെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. 11 വലിയ പന്നികളെയും ഒമ്പത് കുഞ്ഞുങ്ങളെയുമാണ് കൊന്നത്. ഇതിന് ശേഷം ഫാമിൽ പന്നികളുടെ ഉത്പാദനം നിറുത്തി വച്ചിരിക്കുകയായിരുന്നു. ഇപ്പോൾ 35 പന്നികൾ മാത്രമാണ് ഫാമിലുള്ളത്. ആദ്യ രോഗബാധ കണ്ടെത്തിയതിന് മൂന്ന് മാസത്തിന് ശേഷം വീണ്ടും പന്നികളിൽ പരിശോധന നടത്തേണ്ടതായിരുന്നു. എന്നാൽ കൊവിഡും ലോക്ക്‌ഡൗണും കാരണം കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളുടെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് മൂന്ന് പന്നികൾ പോസിറ്റീവായത്. പന്നികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഇല്ല.

ബ്രൂസില്ല രോഗം എന്ത്

പശു, ആട്, പന്നി, നായ തുടങ്ങിയ വളർത്തു മൃഗങ്ങളെ ബാധിക്കാൻ ഇടയുള്ള പകർച്ചവ്യാധിയാണ് ബ്രൂസെല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നാണിത്. മെഡിറ്ററേനിയൻ പനി, മാൾട്ടാ പനി, ബാംഗ്ഷസ് രോഗം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്.

'ഫാമിൽ വീണ്ടും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശം ലഭിക്കുന്നതിനനുസരിച്ച് ബാക്കി നടപടികൾ സ്വീകരിക്കും. സാധാരണഗതിയിൽ രോഗം ബാധിച്ച പന്നികളെ കൊന്ന് കളയുകയാണ് പതിവ്"

-ജിജിമോൻ ജോസഫ്

(ജില്ലാ മൃഗസംരക്ഷണ ആഫീസർ)​

'മൃഗസംരക്ഷണ വകുപ്പിന്റെയും ഫാമിലെ ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയാണ് വീണ്ടും ബ്രൂസില്ല രോഗം സ്ഥിരീകരിക്കാൻ കാരണം. കുറ്റക്കാരായവർക്കെതിരെ സർക്കാർ നടപടിയെടുക്കണം "

-വി.ബി. ബിസുമോൻ (ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്)​