തൊടുപുഴ: കോലാനി പാറക്കടവിനു സമീപം മാലിന്യവുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലോറി കസ്റ്റഡിയിലെടുത്ത് മൂന്നു പേർക്കെതിരെ കേസെടുത്തു. ലോറി ഡ്രൈവർ ആലപ്പുഴ കോമളപുരം പുളിയ്ക്കപറമ്പിൽ വൈശാഖ്, ടി.വി പുരം ചെമ്മനാകരി നമ്പിയത്ത് സുനിൽ, ചെമ്മനാകരി സഹൽനിവാസ് സജിത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കോലാനി ദൂരദർശൻ കേന്ദ്രത്തിനു സമീപം മാലിന്യവുമായി ലോറി എത്തിയത്. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ലോറി തടയുകയായിരുന്നു. തുടർന്ന് എസ്‌.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി വാഹനം സ്‌റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി. കേസെടുത്തതിനു ശേഷം വാഹനം പൊലീസ് വിട്ടയച്ചു.