തൊടുപുഴ: ജില്ലാ ആശുപത്രി വളപ്പിൽ വികസനത്തിന് തടസമായി കിടന്നിരുന്ന തടികൾ നീക്കം ചെയ്യാൻ തീരുമാനം. കോടികൾ മുടക്കി നിർമിച്ച ആശുപത്രിയുടെ പുതിയ മന്ദിരത്തിന് ഫയർ ആന്റ് സേഫ്ടി വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസമായി കിടന്നിരുന്ന തടികൾ നീക്കം ചെയ്യാനാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. പുതിയ ആശുപത്രി മന്ദിര നിർമാണത്തിനായി വെട്ടിയ തടികളാണ് ആശുപത്രി വളപ്പിൽ കിടന്ന് നശിച്ചിരുന്നത്. തടി ലേലം ചെയ്തു നൽകുന്നതിന് ഇതിന്റെ മതിപ്പു വില നിശ്ചയിച്ചു നൽകാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. നബാർഡിന്റെ 15 കോടി മുതൽമുടക്കിലാണ് ആശുപത്രിക്കായി എട്ടു നിലകളുള്ള 3928 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പുതിയ മന്ദിരം നിർമിച്ചത്. നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കുന്നതിനു മുമ്പേ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കെട്ടിടം കൊവിഡ് ആശുപത്രിയാക്കി മാറ്റി. എന്നാൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആശുപത്രിയ്ക്ക് ഫയർ ആന്റ് സേഫ്ടി വിഭാഗത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ബഹുനില മന്ദിരമായതിനാൽ ആശുപത്രി കെട്ടിടത്തിനു ചുറ്റിലുമായി വാഹനങ്ങൾക്ക് കടന്ന് പോകാനുള്ള സൗകര്യമുണ്ടായിരിക്കണം. ഇതു സാദ്ധ്യമാകണമെങ്കിൽ ആശുപത്രി വളപ്പിൽ കിടക്കുന്ന തടികൾ നീക്കം ചെയ്യുകയും പഴയ മോർച്ചറി കെട്ടിടം പൊളിച്ചു നീക്കുകയും വേണം. കൂടാതെ ഇവിടെയുള്ള ജനറേറ്റർ മാറ്റി സ്ഥാപിക്കണം. ഇതിനു മുന്നോടിയായാണ് തടികൾ സമീപത്തെ ജില്ലാ ആയുർവേദ ആശുപത്രി വളപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇവിടത്തെ പരാധീനതകളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം. പിള്ളയുടെ മുന്നിലും ആശുപത്രി അധികൃതർ തടികൾ നീക്കം ചെയ്യാത്തതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിരുന്നു. തടികൾ നീക്കം ചെയ്ത് പഴയ കെട്ടിടം പൊളിച്ചു നീക്കിയാൽ ഇവിടെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററുകൾക്കാവശ്യമായ ഓക്‌സിജൻ സംവിധാനവും ഇവിടെയില്ലെന്നും ആരോപണമുണ്ട്.
ഫീൽഡ് പ്രവർത്തനം മുടങ്ങുന്നു
വാഹനത്തിന്റെയും ഡ്രൈവറുടെയും കുറവ് കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. നിലവിൽ ഒരു ജീപ്പും ആംബുലൻസും മാത്രമാണ് ആരോഗ്യപ്രവർത്തകർക്ക് ഫീൽഡിൽ പോകാനായി ആകെയുള്ളത്. ഒരു വാഹനം ഉണ്ടായിരുന്നത് ജി.എസ്.ടി വിഭാഗത്തിന്റെ ആയിരുന്നതിനാൽ കഴിഞ്ഞ ദിവസം അവർ തിരികെ വാങ്ങി. വാഹന സൗകര്യം കുറഞ്ഞതിനാൽ ഫീൽഡ് സന്ദർശനവും പരിമിതമാക്കി. മൂന്നു ഡ്രൈവർമാരാണ് ഇവിടെയുള്ളത്. ഇവർ അവധി പോലും എടുക്കാതെയാണ് സേവനം ചെയ്യുന്നത്. അടിയന്തരമായി ഒരു ഡ്രൈവറെ കൂടി അനുവദിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് താത്ക്കാലികമായി ഒരു ഡ്രൈവറെ നിയമിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.