ഇടവെട്ടി: പഞ്ചായത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഹിയറിംഗിൽ ബഹളം. ഭരണപ്രതിപക്ഷ മെമ്പർമാർ തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. എൽ.ഡി.എഫ് പ്രവർത്തകർ ഹിയറിങിനായി സജ്ജീകരിച്ച മേശ മറിച്ച് താഴെയിട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ ഇടവെട്ടി പഞ്ചായത്ത് ആഫീസിൽ നടന്ന ഹിയറിംഗിനിടെയാണ് സംഭവം. വോട്ട് ചേർക്കാനെത്തിയവരുടെ രേഖകൾ വാങ്ങി യു.ഡി.എഫ് അംഗങ്ങൾ അനധികൃതമായി ചേർത്തെന്ന് ആക്ഷേപിച്ചാണ് എൽ.ഡി.എഫ് രംഗത്തെത്തിയത്. വോട്ടർമാർ നേരിട്ട് ഹാജരാകാനാണ് ഹിയറിംഗ് വിളിച്ചതെന്നും യു.ഡി.എഫ് ഇതു ലംഘിക്കുകയായിരുന്നെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. സംഭവം ചോദ്യം ചെയ്ത എൽ.ഡി.എഫ് പ്രവർത്തകർ ഹിയറിംഗിനായി സജ്ജീകരിച്ച മേശ മറിച്ച് താഴെയിട്ടത് നേരിയ സംഘർഷത്തിന് ഇടയാക്കി. മേശ മറിഞ്ഞ് കാലിൽ വീണ് വോട്ട് ചേർക്കാനെത്തിയ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊടുപുഴയിൽ നിന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വനിതാ മെമ്പർമാർ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്തതിനെ തുടർന്ന് യു.ഡി.എഫ് കൺവീനർ എ.കെ. സുഭാഷ് കുമാർ പൊലീസിൽ പരാതിനൽകി. പരാജയ ഭീതിപൂണ്ട എൽ.ഡി.എഫ് വിറളി പിടിച്ചാണ് അതിക്രമം നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.