pattayam

ഇടുക്കി : ജില്ലയിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം സാക്ഷാത്കരിച്ച് കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച ആറാമത് ജില്ലാതല പട്ടയമേളയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഏറ്റെടുത്ത വലിയ ജനകീയ ആവശ്യങ്ങളിലൊന്നാണ് അർഹരായ ജനങ്ങൾക്ക് പട്ടയം നൽകുകയെന്നത്. പതിറ്റാണ്ടുകളായി നിയമക്കുരുക്കുകളിലും സങ്കേതികതയിലും അകപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയ വിഭാഗം ജനങ്ങൾക്കാണ് പട്ടയം നൽകാൻ സർക്കാരിന് കഴിഞ്ഞത്. ഇതിലൂടെ 6526 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തത്. ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്താകെ 1,63,610 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴിയിൽ നടന്ന യോഗത്തിൽ വൈദ്യുതി മന്ത്രി എംഎം മണി പട്ടയവിതരണം നടത്തി. അർഹരായ മുഴുവനാളുകൾക്കും പട്ടയം നൽകണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു. മൂന്നു ചെയിൻ മേഖലയിലെ അർഹരായവർക്ക് പട്ടയം നല്കാവുന്നതാണ്. ഇത്തരത്തിൽ പട്ടയം നല്കുന്നതിന് വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തടസമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. നലേക്കർ വരെ കാർഷിക ഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നാണ് തന്റെ നിലപാടെന്നും പട്ടയ വിതരണം നടത്തി മന്ത്രി പറഞ്ഞു. സമയബന്ധിതമായി സർവ്വേ നടപടികൾ പൂർത്തിയാക്കി അർഹരായ മുഴുവനാളുകൾക്കും പട്ടയം നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമമെന്ന് ജില്ലാകളക്ടർ എച്ച് ദിനേശൻ പറഞ്ഞു.

വിവിധ ഭൂമിപതിവ് ഓഫീസുകളിൽ നിന്നും തയ്യാറായിട്ടുള്ളത് ഉൾപ്പെടെ 2199 പട്ടയങ്ങളാണ് പട്ടയമേളയിൽ വിതരണം ചെയ്തത്. കട്ടപ്പന വില്ലേജിലെ തവളപ്പാറയിൽ പ്രകൃതിക്ഷോഭത്തിൽ ഭൂമി നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് സൗജന്യമായി ലഭിച്ച ഭൂമിയുടെ പട്ടയവും മേളയിൽ വിതരണം ചെയ്തു.

കോവിഡ് പ്രേട്ടേക്കോൾ പാലിച്ച് നിശ്ചിത എണ്ണം പട്ടയമാണ് വേദിയിൽ വിതരണം ചെയ്തത്. ബാക്കിയുള്ളവർക്ക് ക്രമമനുസരിച്ച് അറിയിപ്പ് നല്കി പട്ടയം വിതരണം ചെയ്യും.

കഞ്ഞിക്കുഴിയിൽ നടന്ന യോഗത്തിൽ മുൻ എംപി ജോയ്‌സ് ജോർജ്ജ്, മുൻ എംഎൽഎ കെ.കെ ജയചന്ദ്രൻ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജേശ്വരി രാജൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി എം, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ, കെഎസ്ആർടിസി ഡയറക്ട് ബോർഡ് അംഗം സി.വി വർഗ്ഗീസ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.കെ ശിവരാമൻ, എം.എസ് മുഹമ്മദ്, അനിൽ കൂവപ്ലാക്കൽ, കെ.എൻ മുരളി, ത്രിതലപഞ്ചായത്തംഗങ്ങളായ വിഷ്ണു ചന്ദ്രൻ, കെ.എം ജലാലുദ്ദീൻ, സന്തോഷ് കുമാർ, ഡെപ്യൂട്ടികളക്ടർ അലക്‌സ്, ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫ്, ത്രിതല പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.