കൊവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി തന്റെ ആറ് മണി വാർത്താസമ്മേളനങ്ങളിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കന്നുകാലി, കോഴി, പന്നി, ആട്, പോത്ത് വളർത്തൽ, മത്സ്യകൃഷി എന്നിവയ്ക്ക് പ്രാധാന്യം നൽകണം. മുട്ട, മാംസം തുടങ്ങിയവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടണം. ഒരു വീട്ടിൽ അഞ്ച് കോഴിയെയെങ്കിലും വളർത്തണമെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞു. ഇതിൽ പ്രചോദനമുൾക്കൊണ്ട് ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട യുവാക്കളടക്കം വലിയൊരു വിഭാഗം കൃഷിയിലേക്ക് തിരിഞ്ഞെന്നതും വാസ്തവമാണ്. എന്നാൽ കൃഷിക്കാർക്ക് ആവശ്യമായ ഗുണനിലവാരമുള്ള വളർത്തുമൃഗങ്ങളെ കിട്ടാനില്ലെന്നതാണ് വലിയ പ്രതിസന്ധി. കർഷകർക്ക് ആവശ്യമുള്ള മുട്ടക്കോഴി, ഇറച്ചിക്കോഴി, പന്നിക്കുഞ്ഞുങ്ങൾ തുടങ്ങിയവ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യം എല്ലാ ജില്ലാ കൃഷിഫാമുകളിലും ഉണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും സർക്കാർ അലംഭാവവും കാരണം പല ഫാമുകളുടെയും പ്രവർത്തനം അവതാളത്തിലാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രധാന പദ്ധതികളിലൊന്നാണ് മുട്ടക്കോഴിക്കുഞ്ഞ് വിതരണം. ആവശ്യമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ഫാമുകൾക്ക് ശേഷിയുണ്ടെങ്കിലും ചെയ്യാറില്ല. ഒടുവിൽ തമിഴ്നാട്ടിലെ സ്വകാര്യ ഹാച്ചറികളിൽ വിരിയിക്കുന്ന രോഗപ്രതിരോധ ശേഷിയും ഗുണനിലവാരവും ഇല്ലാത്ത കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വിതരണം ചെയ്യുകയാണ് പതിവ്. ഇവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ ഈ കുഞ്ഞുങ്ങളെല്ലാം ചത്തൊടുങ്ങുകയും ചെയ്യും. അന്യസംസ്ഥാനത്ത് നിന്ന് കോഴികൾ വാങ്ങരുതെന്നും ജില്ലാ ഫാമുകളിൽ നിന്ന് തന്നെ ആവശ്യത്തിന് കോഴികളെ ഉത്പാദിപ്പിക്കണമെന്നും സർക്കാർ അടുത്തിടെ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കോഴികളെ വാങ്ങുന്നത് നിറുത്തിയെങ്കിലും സ്വന്തമായി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ മാത്രം പലഫാമുകൾക്കും താത്പര്യമില്ല. ഉദാഹരണത്തിന് ഇടുക്കിയിലെ ജില്ലാ ഫാം പ്രവർത്തിക്കുന്നത് തൊടുപുഴയ്ക്ക് സമീപം കോലാനിയിൽ സ്വന്തമായുള്ള 8.5 ഏക്കർ സ്ഥലത്താണ്. കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള വിശാലമായ ഫാം സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ദിവസം ശരാശരി മൂവായിരം കോഴിക്കുഞ്ഞുങ്ങളെ വീതം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹാച്ചറിയും നൂറോളം പന്നികളെ വളർത്താനുള്ള സൗകര്യവുമുണ്ട് ഇവിടെ. ഇറച്ചിക്കോഴി, പന്നിക്കുഞ്ഞുങ്ങൾ എന്നിവയെ ഉത്പാദിപ്പിക്കാനും ഫാമിൽ സൗകര്യമുണ്ട്. എന്നാൽ ആവശ്യമായ കോഴികളെയോ പന്നികളെയോ ഇവിടെ നിന്ന് ലഭിക്കാറില്ലെന്നാണ് കർഷകരുടെ പരാതി. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും തമ്മിലുള്ള അധികാര തർക്കവും വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവവുമാണ് ഫാമിന്റെ പ്രവർത്തനം അവതാളത്തിലാകാൻ കാരണം. രണ്ട് കോഴി ഷെഡ് മാത്രമുണ്ടായിരുന്നപ്പോഴുള്ള 1974ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ഇവിടെ നിലവിലുള്ളത്. ഒഴിവുകൾ നികത്തണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊള്ളുന്നില്ല. ഭൂരിഭാഗവും ദിവസവേതനക്കാരാണ് ജോലി ചെയ്യുന്നത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ പന്നികളെയും കോഴികളെയും കൃത്യമായി പരിശോധിക്കുകയോ പരിപാലിക്കുകയോ ചെയ്യാനാകുന്നില്ല. ഇതിന് ഉദാഹരണമാണ് സംസ്ഥാനത്ത് അപൂർവമായ ബ്രൂസില്ല രോഗബാധ ഒമ്പത് മാസത്തിനിടെ രണ്ടാം തവണയും കോലാനി ഫാമിൽ റിപ്പോർട്ട് ചെയ്തത്. ആദ്യം ഫെബ്രുവരിയിൽ രോഗം സ്ഥിരീകരിച്ച 20 പന്നികളെ കൊന്നുകളയേണ്ട സാഹചര്യമുണ്ടായി. അതിന് ശേഷം ഇവിടെ പന്നികളുടെ ഉത്പാദനം നടക്കുന്നില്ല. കഴിഞ്ഞ ദിവസം ഫാമിലെ മൂന്ന് പന്നികളിൽ രോഗം കണ്ടെത്തി. ഇവയെ മറ്റ് പന്നികളിൽ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാക്കിയിരിക്കുകയാണ്. അന്തിമഫലം കൂടിയെത്തിയാൽ ഇവയെയും കൊല്ലേണ്ടി വരും. ആദ്യം രോഗബാധ കണ്ടെത്തിയതിന് മൂന്ന് മാസത്തിന് ശേഷം വീണ്ടും പന്നികളിൽ പരിശോധന നടത്തേണ്ടതായിരുന്നു. എന്നാൽ കൊവിഡും ലോക്ക്ഡൗണും കാരണം കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളുടെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് വരെ പടരാവുന്ന പകർച്ചവ്യാധിയായിട്ടും ഇത് പൂർണമായും നിർമാർജനം ചെയ്യാൻ ശ്രമിക്കാത്തത് അധികൃതരുടെ അലംഭാവമല്ലാതെ മറ്റെന്താണ്. കാർഷിക ജില്ലയായ ഇടുക്കിയിൽ പോലും ഇത്തരത്തിലാണ് പ്രവർത്തനമെങ്കിൽ എങ്ങനെയാണ് മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന കാർഷിക പരിവർത്തനവും ഭക്ഷ്യസ്വയംപര്യാപ്തതയും സാധ്യമാകുക.