തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ തൊടുപുഴ നഗരസഭയിൽ സ്വസ്ഥമായി തുടർഭരണം നടത്താൻ യു.ഡി.എഫും അധികാരം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും ശക്തമായ പ്രകടനം നടത്താൻ എൻ.ഡി.എയും കച്ചക്കെട്ടുകയാണ് അണിയറയിൽ. സ്ത്രീസംവരണമായിരുന്ന നഗരസഭാ അദ്ധ്യക്ഷ സ്ഥാനം ഇത്തവണ ജനറൽ വിഭാഗത്തിനാണെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ തവണ 16-ാം വാർഡ് പട്ടികജാതി സംവരണവും 24-ാം വാർഡ് പട്ടികജാതി വനിതാ സംവരണവുമായിരുന്നെങ്കിൽ ഇത്തവണ ഒന്നാംവാർഡ് പട്ടികജാതി വനിതാ സംവരണവും പത്താംവാർഡ് പട്ടികജാതി സംവരണവുമായി. 17 വനിതാ സംവരണ വാർഡുകളാണുള്ളത്.
കേവല ഭൂരിപക്ഷമില്ലാത്തതിനാൽ കഴിഞ്ഞ തവണ യു.ഡി.എഫിന് സ്വസ്ഥമായി ഭരിക്കാനായിരുന്നില്ല. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വൈസ് ചെയർമാെന്റ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിൽ ആറ് മാസത്തേക്ക് ഭരണം നഷ്ടമായി. ഇത്തവണ അത്തരം സാഹചര്യം ഒഴിവാക്കാൻ മികച്ച സ്ഥാനാർത്ഥികളെ നിറുത്തി ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് യു.ഡി.എഫ് തീരുമാനം. ജോസ് വിഭാഗം മുന്നണി വിട്ടതിന്റെ ക്ഷീണം മറികടക്കാനുള്ള തന്ത്രങ്ങളും യു.ഡി.എഫ് ചർച്ച ചെയ്യുന്നുണ്ട്. ഗ്രൂപ്പ് സമവാക്യം പാലിക്കപ്പെടേണ്ടി വരുമെങ്കിലും റിബലുകൾ വരുന്നത് ഒഴിവാക്കാൻ അണികളുടെ വികാരം കണക്കിലെടുത്താകും സ്ഥാനാർത്ഥി നിർണയം.
ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശമാണ് എൽ.ഡി.എഫ് പ്രതീക്ഷ. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ നഗരസഭ യു.ഡി.എഫ് ഭരിക്കുന്നതിനിടെയാണ് മൂന്ന് സീറ്റുള്ള ജോസ് വിഭാഗം കേരള കോൺഗ്രസ് മുന്നണി വിട്ടിരിക്കുന്നത്. നറുക്കെടുപ്പിൽ ആറ് മാസം ഭരണം ലഭിച്ചതാണ് വർഷങ്ങൾക്ക് ശേഷം എൽ.ഡി.എഫിന് ഈ ഭരണസമിതിയുടെ കാലത്തുണ്ടായ നേട്ടം. കഴിഞ്ഞ തവണ 13 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ച എൽ.ഡി.എഫ് ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ സഹകരണം കൂടി ലഭിക്കുന്നതോടെ ഇതു സാധ്യമാകുമെന്ന കണക്കു കൂട്ടലിലാണിവർ.
2010ൽ ലഭിച്ച സീറ്റിന്റെ ഇരട്ടി നേടിയാണ് ബി.ജെ.പി കഴിഞ്ഞ തവണ ശക്തമായ സാന്നിദ്ധ്യം അറിയിച്ചത്. ഇടത്- വലതു മുന്നണികളുടെ അവിശ്വാസ പ്രമേയ നോട്ടീസുകൾ ഉൾപ്പെടെ പല ഘട്ടങ്ങളിലും ബി.ജെ.പിയുടെ നിലപാട് നിർണായകമായിരുന്നു. എട്ട് സീറ്റ് നേടിയ എൻ.ഡി.എ അത് ഇരട്ടിയാക്കുമെന്ന വാശിയിലാണ്. ബി.ഡി.ജെ.എസ് കൂടിയുള്ളതിനാൽ ഇത്തവണ ഭരണം പിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അവർ. പലയിടത്തും സ്ഥാനാർത്ഥികൾ ഇലക്ഷൻ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
2015ലെ കക്ഷിനില
ആകെ- 35
യു.ഡി.എഫ്- 14
എൽ.ഡി.എഫ്- 13
ബി.ജെ.പി- 8
ആകെ വോട്ടർമാർ- 38,049
പുരുഷന്മാർ- 18,645
സ്ത്രീകൾ- 19,404
ചരിത്രം
1978 നവംബറിലാണ് തൊടുപുഴ നഗരസഭ രൂപീകൃതമായത്. പത്തുവർഷം സ്‌പെഷൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1988ൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ ആദ്യ ചെയർമാനായത് സി.പി.എമ്മിലെ അഡ്വ. എൻ. ചന്ദ്രനാണ്. ഏഴര വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് എൽ.ഡി.എഫ് വിമതൻ എം.പി. ഷൗക്കത്തലി ചെയർമാനായി. തുടർന്ന് ഇടത് സ്വതന്ത്രൻ രാജീവ് പുഷ്പാംഗഥൻ സ്ഥാനമേറ്റു. പിന്നീട് 18 വർഷത്തിന് ശേഷം എൽ.ഡി.എഫിന് ഭരണം ലഭിക്കുന്നത് 2018ൽ മിനി മധുവിലൂടെയാണ്. ആറ് മാസത്തിന് ശേഷം യു.ഡി.എഫ് ഇത് തിരികെ പിടിച്ചു.