മൂന്നാർ: സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി തിരിച്ച് പിടിക്കാനായി കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവൻഷനുകളുമായി രംഗത്ത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനുകളിൽ കെ പി സി സി മുൻ വൈസ് പ്രസിഡന്റ് എ.കെ മണി എക്സ് എം എൽ എ, യു ഡി എഫ് ദേവികുളം നിയോജക മണ്ഡലം ചെയർമാൻ ജി. മുനിയാണ്ടി, എസ്.നല്ല മുത്തു എന്നിവർ സംബന്ധിച്ചു. ആദിവാസികളെ ആദിവാസികൾ ഭരിക്കണമെന്ന ലക്ഷ്യത്തോടെയുള്ള ഇടമലക്കുടി പഞ്ചായത്ത് എന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടുവെങ്കിലും അടിസ്ഥാന വികസനം അകലെയാണെന്ന് എ. കെ. മണി പറഞ്ഞു.യു ഡി എഫ് വന്നാൽ കുടിവെള്ളം അടക്കമുള്ള പദ്ധതികൾ നടപ്പാക്കും. കുടികളുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കും.പഞ്ചായത്ത് ആഫീസ് തുടങ്ങി ഒരു പഞ്ചായത്താൽ വേണ്ട എല്ലാ ആഫീസുകളും ഇടമലക്കുടിയിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മോഹൻ ദാസ് ,വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ,രാജൻ, രാജേന്ദ്രൻ, അളഗർ സാമി, ജ്യോതി തുടങ്ങിയവർ വിവിധ കൺവെൻഷനുകളിൽ സംസാരിച്ചു.